Newsperseconds.com

വികസനമെത്താതെ തഴയപ്പെട്ടു കിടക്കുന്ന പ്രദേശത്തെയാണ് ഉയര്‍ത്തേണ്ടത്; കേരളത്തിലെ എയിംസ് ആലപ്പുഴയില്‍ വരണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

Srsh

കേരളത്തില്‍ വരാന്‍ പോകുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ആലപ്പുഴ ജില്ലയില്‍ വരണമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. വികസനമെത്താതെ തഴയപ്പെട്ടു കിടക്കുന്ന പ്രദേശത്തെയാണ് ഉയര്‍ത്തി കൊണ്ടു വരേണ്ടത്. തിരുവനന്തപുരത്തോ തൃശ്ശൂരിലോ കണ്ണൂരിലോ കാസര്‍കോടോ അല്ല എയിംസ് വരേണ്ടത്. കമ്മ്യൂണിസം കൊണ്ട് മാത്രം നശിച്ചു പോയ ഒരു പ്രദേശമാണ് ആലപ്പുഴ എന്നാണ് സുരേഷ്‌ഗോപി പറഞ്ഞത്. അവിടെയാണ് എന്തു കൊണ്ടും എയിംസ് അനുയോജ്യമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ഏറ്റവും സമ്പന്ന പ്രദേശമായിരുന്ന കിഴക്കിന്റെ വെനീസ് എന്നാണ് ആലപ്പുഴ അറിയപ്പെടുന്നത്. കുരുമുളകായാലും കയറായാലും കയര്‍ ഉല്‍പ്പന്നങ്ങളായാലും വലിയ തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന സമ്പന്ന പ്രദേശമായിരുന്നു. ഇപ്പോള്‍ ആ പ്രദേശത്തിന് വികസനം ആവശ്യമാണ്. കേരളത്തില്‍ വികസനമെത്താത്ത ആലപ്പുഴയിലാണ് എയിംസ് സ്ഥാപിക്കേണ്ടത്. അതിന് വേണ്ടി സജ്ജീവ ഇടപെടലുണ്ടാവും. പല ജില്ലകളിലും വികസനം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. അതില്‍ നിന്നൊരു മോചനം എന്ന പോലെ ഇനിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ആലപ്പുഴക്ക് അത്യാവശ്യമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

എയിംസ് ആലപ്പുഴയില്‍ വരുന്നതോടെ ജനങ്ങള്‍ക്ക് അതൊരു കൈത്താങ്ങായി മാറും. ഓരോ ഘട്ടത്തിലും കേരളം ഉയര്‍ന്ന പ്രതീക്ഷയിലാണു മുന്നോട്ടു പോകുന്നത്. ഈ വര്‍ഷം തന്നെ ഇതിനായുള്ള സുപ്രധാന പ്രഖ്യാപനം ഉണ്ടാവും. എയിംസ് വന്നാല്‍ കേരളത്തിന്റെ ആരോഗ്യ ഗവേഷണ മേഖലയ്ക്ക് അത് പുത്തന്‍ ഉണര്‍വായിരിക്കും നല്‍കുന്നത്. അത്യാധുനിക ചികിത്സകളെല്ലാം സൗജന്യമായി ലഭ്യമാകും. കൂടാതെ വിദഗ്ധ ഡോക്ടര്‍മാര്‍ കേരളത്തിലേക്കെത്തും. പ്രാഗത്ഭ്യമുള്ള ഒരു വന്‍സംഘം ഡോക്ടര്‍മാര്‍ ഇവിടെയുണ്ടാവും. കേരളം ആലപ്പുഴ ജില്ലയിലൂടെ അറിയപ്പെടട്ടെയെന്നും സുരേഷ്‌ഗോപി പറഞ്ഞു.

Share this Article

Leave a Comment