Newsperseconds.com

കേരളത്തിന്റെ വികസന ചരിത്രത്തില്‍ മറ്റൊരു അധ്യായം കൂടി; മുഖ്യമന്ത്രി പിണറായി വിജയന്‍ യാര്‍ഡ് ഉദ്ഘാടനം ചെയ്യും; പ്രതിപക്ഷവും ചടങ്ങിനെത്തും

Capture

തിരുവനന്തപുരം: കേരളത്തിന്റെ വികസന ചരിത്രത്തില്‍ മറ്റൊരു അധ്യായം കൂടി തുന്നിച്ചേര്‍ത്ത് വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ മദര്‍ഷിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളും ചേര്‍ന്ന് ഇന്ന് സ്വീകരിക്കും. ഏറെ വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിഴിഞ്ഞം തുറമുഖമെന്ന സ്വപ്‌നം പൂവണിയാന്‍ പോകുന്നത്. തുറമുഖത്തിലെ യാര്‍ഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.

ഇന്നലെ എത്തിയ സാന്‍ ഫെര്‍ണാണ്ടൊ എന്ന കപ്പലില്‍ നിന്ന് കണ്ടെയ്‌നറുകള്‍ ഇറക്കിതുടങ്ങിയിരുന്നു. കപ്പല്‍ ഇന്നലെ എത്തിയെങ്കിലും ഇന്നാണ് ഔദ്യോഗിക സ്വീകരണ ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മറ്റു മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് കപ്പലിനെ സ്വീകരിക്കും. അദാനി പോര്‍ട്‌സ് സിഇഒ കരണ്‍ അദാനിയും ചടങ്ങിനെത്തും. വന്‍ സുരക്ഷ സന്നാഹമാണ് പ്രദേശത്ത് ഒരുക്കിയത്.

അതേ സമയം, ഇന്നത്തെ സ്വീകരണ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതില്‍ വന്‍വിമര്‍ശനമാണ് ഉയരുന്നത്. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. വിഴിഞ്ഞം ട്രയല്‍ റണ്ണിന്റെ ഉദ്ഘാടനം യുഡിഎഫ് ബഹിഷ്‌കരിക്കില്ല. സ്ഥലം എംഎല്‍എ എന്‍ വിന്‍സന്റ് ചടങ്ങില്‍ പങ്കെടുക്കും.

ആദ്യ കപ്പലിലെ ക്യാപ്റ്റന് മുഖ്യമന്ത്രി ഉപഹാരം നല്‍കും. ചൈനയിലെ ഷിയാമിന്‍ തുറമുഖത്ത് നിന്ന് വിഴിഞ്ഞത്തെത്തിയ കപ്പലില്‍ 2000ലധികം കണ്ടെയ്‌നറുകളാണുള്ളത്. ഇതുവരെ 500ഓളം കണ്ടെയ്‌നറുകള്‍ ബെര്‍ത്തിലേക്ക് ഇറക്കി കഴിഞ്ഞു. ഇന്ന് വൈകിട്ടോടെ സാന്‍ ഫെര്‍ണാന്‍ഡോ യൂറോപ്പിലേക്ക് തിരിക്കും എന്നാണ് അറിയിച്ചിരുന്നതെങ്കിലും വൈകാനാണ് സാധ്യത.

Share this Article

Leave a Comment