കേരളത്തിന്റെ വികസന സ്വപ്‌നമായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദര്‍ഷിപ്പ് ഇന്ന് എത്തിച്ചേരുകയാണ്. വികന താളുകളിലെ മറ്റൊരു അദ്ധ്യായത്തിനാണ് കേരളം തുടക്കം കുറിക്കുന്നത്. 2015- ആഗസ്റ്റ് 17-നാണ് വിഴിഞ്ഞം തുറമുഖത്തിനായുള്ള കരാര്‍ ഒപ്പു വയ്ക്കുന്നത്. ആ വര്‍ഷം ഡിസംബറില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തു. തുറമുഖം സമയബന്ധിതമായി ഈ വിധത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക ശ്രദ്ധയും കരുതലുമാണ് 2016 മുതല്‍ സര്‍ക്കാര്‍ കൈകൊണ്ടത്. പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കിയും പ്രതിമാസ അവലോകനങ്ങള്‍ നടത്തിയും ദൈനംദിന അവലോകനങ്ങള്‍ക്ക് പ്രത്യേക മൊബൈല്‍ ആപ്പ് തന്നെ തയ്യാറാക്കിയുമാണ് നിര്‍മ്മാണം മുന്നോട്ടുകൊണ്ടു പോയത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കി. പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിക്കേണ്ട ഓരോ ഘടകത്തിന്റെയും സമയകൃത്യത ഉറപ്പാക്കി. സമയബന്ധിതമായി ഇത് പൂര്‍ത്തിയാക്കുന്നതിനായി അദാനി ഗ്രൂപ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖത്തിന് 8867 കോടി രൂപയാണ് ആകെ മുതല്‍മുടക്ക്. ഇതില്‍ 5595 കോടി രൂപ സംസ്ഥാന സര്‍ക്കാരും 818 കോടി രൂപ കേന്ദ്ര സര്‍ക്കാരുമാണ് വഹിക്കുന്നത്. തുറമുഖ നിര്‍മ്മാണത്തിനുള്ള കരാര്‍ ഒപ്പുവെക്കുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 8 കോടി രൂപയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളോട് വളരെ അനുകൂലമായ നയം സ്വീകരിച്ചതിന്റെ ഫലമായി 100 കോടി രൂപ പുനരധിവാസത്തിനായി മാത്രം ഇതുവരെയായി ചെലവഴിച്ചു.
വിഴിഞ്ഞം നിവാസികള്‍ ഉന്നയിച്ച പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗപ്പെടുത്തിയും അദാനി കമ്പനിയുടെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ചും വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. 5,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്റെ ഭാഗമായി നേരിട്ട് ലഭ്യമാകുന്നത്. ഈ തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തെ കണ്ടെയ്നര്‍ ബിസിനസ്സിന്റെ കേന്ദ്രമായി കേരളം മാറും. വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം തുടങ്ങിയ രംഗങ്ങളില്‍ വലിയ വികസനത്തിനും അങ്ങനെ സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളര്‍ച്ചയ്ക്കും വിഴിഞ്ഞം തുറമുഖം മുതല്‍ക്കൂട്ടാകും.