സാമ്പത്തിക വളര്‍ച്ചയുടെ ഏറ്റവും വലിയ, ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നവ തുറമുഖങ്ങളാണെന്ന് ലോകത്തിന്റെ ചരിത്രം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായിരിക്കുന്നു എന്നു പറയുമ്പോള്‍ കേരളത്തിന്റെ വികസന ചരിത്രത്തിലെ സവിശേഷമായ ഒരു അധ്യായം തുറക്കപ്പെടുന്നു എന്നാണ് നാം തിരിച്ചറിയേണ്ടതെന്ന് മുഖ്യമന്ത്രി പിണറായിവിജയന്. കേരളത്തെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ചും ഇന്ത്യയെ സംബന്ധിച്ചിടത്തോളം പൊതുവിലും അങ്ങേയറ്റം അഭിമാനകരമായ മുഹൂര്‍ത്തമാണിത്. കൈവിരലിലെണ്ണാവുന്നത്ര മാത്രമുള്ള ലോകത്തിലെ വന്‍കിട തുറമുഖങ്ങളിലൊന്നായി നമ്മുടെ വിഴിഞ്ഞം ഉയരുകയാണ്. മദര്‍ ഷിപ്പുകള്‍, അതായതു വന്‍കിട ചരക്കു കപ്പലുകള്‍ ഇവിടേക്കു വരികയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകള്‍ക്കു ബര്‍ത്തു ചെയ്യാന്‍ കഴിയുന്ന നിലയിലേക്ക് ഇവിടം മാറുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷന് ഇതോടെ ആരംഭിക്കുകയാണ്. ഇപ്പോള്‍ ട്രയല്‍ അടിസ്ഥാനത്തിലാണെങ്കിലും തൊട്ടുപിന്നാലെ തന്നെ പൂര്‍ണ്ണ പ്രവര്‍ത്തന രീതിയിലേക്കു മാറുകയാണ്. പോര്‍ട്ടുകളുടെ പോര്‍ട്ട് എന്നു പറയാവുന്ന വിധത്തില്‍ , ഏതാണ്ട് മദര്‍ പോര്‍ട്ട് എന്നു വിശേഷിപ്പിക്കാവുന്ന വിധത്തില്‍ സുസജ്ജമായ തുറമുഖമായി ഇതു മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു സ്വപ്ന സാക്ഷാത്ക്കാര നിമിഷമാണ്. ഇന്ത്യയ്ക്കാകെ അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണിത്. അയല്‍ രാജ്യങ്ങള്‍ക്കു കൂടി ഉതകുന്നതാണ് ഇത്ര വലിയ ഒരു തുറമുഖത്തിന്റെ സാന്നിധ്യം. സമീപ രാജ്യങ്ങള്‍ക്കു വരെ അഭിമാനകരമാണിത്. വിഴിഞ്ഞം ചരിത്ര പ്രസിദ്ധമാണ്. ഇതിന്റെ തുറമുഖം എന്ന നിലയ്ക്കുള്ള വിപുലമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന ചിന്ത രാജഭരണ കാലത്തേയുണ്ട്. സ്വാതന്ത്ര്യലബ്ധിക്കും കേരളപ്പിറവിക്കും ഒക്കെ ശേഷമുള്ള സര്‍ക്കാരുകള്‍ ആ ചിന്ത വലിയതോതില്‍ പ്രതിധ്വനിപ്പിച്ചിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
2006 സെപ്റ്റംബര്‍ 18 നാണ് വിഴിഞ്ഞം പദ്ധതിക്ക് അനുമതി നേടിയെടുക്കാന്‍ ശ്രമിക്കുമെന്ന് അന്നത്തെ എ ല്‍ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2007 മാര്‍ച്ച് 9 നാണ് വി ഐ എസ് എല്ലിനെ നോഡല്‍ ഏജന്‍സിയാക്കിയുള്ള റീടെണ്ടര്‍ ഉത്തരവു വരുന്നത്. 2007 ജൂലൈ 31 നാണ് വ്യവസ്ഥകളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി ടെണ്ടര്‍ ക്ഷണിച്ചത്. 2009 നവംബര്‍ 13 ന് പദ്ധതി പഠനത്തിനായി ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനെ നിയോഗിച്ചു. 2010 ല്‍ ടെണ്ടര്‍ നടപടികളാവുന്നു. പിന്നീട് കേസും നിയമനടപടികളും ഉള്‍പ്പെടെ കുരുക്കുകളായി. ചൈനീസ് കമ്പനിയാണു വരുന്നത് എന്നു പറഞ്ഞ് ചിലര്‍ ആക്ഷേപം ഉയര്‍ത്തിയതും മന്മോഹന് സിങ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതും ഒക്കെ ചരിത്രം. ഈ പദ്ധതിക്കു വേണ്ടി 2012 ല്‍ എല്‍ ഡി എഫ് നടത്തിയ ജനകീയ കണ്‍വെന്‍ഷനുകളും 212 ദിവസം നീണ്ട ജനകീയ സമരവും ഇതിന്റെ നാള്‍വഴിയില്‍ സ്ഥാനം പിടിക്കുന്നുണ്ട്. 2013ല്‍ പിന്നീട് ഗ്ലോബല്‍ ടെണ്ടറുകളായി.
എന്നാല്‍ 2016 ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്ന ശേഷം കണ്ടത് കുതിച്ചുയരുന്ന നിര്‍മ്മാണ പ്രവര്‍ത്തനമാണ്. ഓരോ ഘട്ടത്തിലും സര്‍ക്കാര്‍ ഇതു പരിശോധിച്ചും ഇടപെട്ടും കൊണ്ടിരുന്നു. കാര്യക്ഷമമായ ആ പ്രവര്‍ത്തനങ്ങളും നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത ഗ്രൂപ്പിന്റെ പ്രതിബദ്ധമായ പ്രവര്‍ത്തനങ്ങളും ഏകോപിച്ചു. അതിന്റെ ഫലമാണ് നാം ഇന്ന് ആഘോഷിക്കുന്ന ഈ അഭിമാനമുഹൂര്‍ത്തം. ഈ പദ്ധതിയുടെ നിര്‍വ്വഹണ ഘട്ടത്തില്‍ പലവിധ തടസ്സങ്ങളുമുണ്ടായി. നമ്മുടെ കൂട്ടായ ഇച്ഛാശക്തിയും ദൃഢനിശ്ചയവുമാണ് ഇന്ന് ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്ന നിലയുണ്ടാക്കിയത്. 2017 ജൂണില്‍ത്തന്നെ ബര്‍ത്തുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നമുക്കു കഴിഞ്ഞിരുന്നു. എന്നാല്‍ , അതിനുശേഷമുണ്ടായ പ്രകൃതിദുരന്തങ്ങളും മഹാമാരിയും പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി നിശ്ചയിച്ച സമയക്രമത്തെ പ്രതികൂലമായി ബാധിച്ചു എന്നത് വസ്തുതയാണ്. അത്തരം പ്രതിസന്ധികളെ മറികടന്നുകൊണ്ടു കൂടിയാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് നമ്മള് എത്തിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.