Newsperseconds.com

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേര്‍ പനി ബാധിച്ച് മരിച്ചു; രണ്ടാഴ്ച്ചക്കിടെ 43 മരണം; ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

Capture

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേര്‍ പനി ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ഇവരില്‍ നാല് പേര്‍ക്ക് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. 12 ദിവസത്തിനിടെ 43 പേരാണ് പകര്‍ച്ച വ്യാധി ബാധിച്ച് സംസ്ഥാനത്ത് മരണപ്പെട്ടത്. 12, 204 പേരാണ് ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയത്. 173 പേര്‍ക്ക് ഡങ്കിപ്പനിയും 44 പേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. 438 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടി. കൂടാതെ നാല് പേര്‍ക്കു കൂടി കോളറ സ്ഥിരീകരിച്ചു.

തിരുവനന്തപുരം സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോളറ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11 ആയി. കോളറ സ്ഥിരീകരിച്ച നാലുപേരും നെയ്യാറ്റിന്‍കരയിലെ സ്ഥാപനത്തിലെ അന്തേവാസികളാണ്. ഇവിടെ താമസിച്ചിരുന്ന 26 കാരന്റെ മരണം കോളറ ബാധിച്ചാണെന്ന് സംശയിക്കുന്നുണ്ട്. സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്നു. സംസ്ഥാനത്ത് കുട്ടികളുടേയും മുതിര്‍ന്നവരുടേയും കെയര്‍ ഹോം നടത്തുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. പ്രദേശത്ത് കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എല്ലാ ജല സ്രോതസുകളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകളും വിവിധ ഭക്ഷണ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പ് കൂടുതല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Share this Article

Leave a Comment