കണ്ണൂര്‍: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിച്ച നിധിയെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയ ചെങ്ങളായില്‍ നിന്ന് വീണ്ടും സ്വര്‍ണമുത്തും വെള്ളി നാണയങ്ങളും കണ്ടെത്തി. നാല് വെള്ളിനാണയങ്ങളും രണ്ട് സ്വര്‍ണമുത്തുകളുമാണ് ലഭിച്ചത്. തൊഴിലുറപ്പ് തൊഴിലാളികള്‍ മഴക്കുഴി എടുക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. നാണയങ്ങളില്‍ അറബിയില്‍ അക്കങ്ങളും അക്ഷരങ്ങളും എഴുതിയിട്ടുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇന്നലെ നിധി കണ്ടെത്തിയ അതേ കുഴിയില്‍ നിന്നാണ് തൊഴിലാളികള്‍ക്ക് ഇവ ലഭിച്ചത്. ലഭിച്ച നാണയങ്ങള്‍ പൊലീസിന് കൈമാറുമെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ പറഞ്ഞു.
സ്വകാര്യവ്യക്തിയുടെ റബര്‍ തോട്ടത്തില്‍ നിന്നാണ് സ്റ്റീല്‍ പാത്രത്തില്‍ നിധിയെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കിട്ടിയത്. പരിപ്പായി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിനടുത്താണ് സംഭവം. ബോംബ് ആണെന്ന് കരുതി ആദ്യം തൊഴിലാളികള്‍ ഇത് തുറന്നുനോക്കിയിരുന്നില്ല. പിന്നീട് ഉച്ചയോടെയാണ് തുറന്നുനോക്കുന്നത്. ഉടന്‍ പഞ്ചായത്ത് പ്രസിഡന്റിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. 17 മുത്തുമണികള്‍, 13 സ്വര്‍ണ്ണപതക്കങ്ങള്‍, കാശിമാലയുടെ നാല് പതക്കങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളി നാണയങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് കണ്ടെത്തിയത്. വെള്ളിനാണയങ്ങളിലൊന്നും വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല. പൊലീസ് വസ്തുക്കള്‍ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി. പുരാവസ്തു വകുപ്പ് കാലപ്പഴക്കമടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും