തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലകപ്പെട്ട ജോയിയെ കണ്ടെത്താന്‍ സര്‍ക്കാര്‍ എല്ലാ വിധ സംവിധാനങ്ങളും ഉപയോഗിച്ചതായി മന്ത്രി വി ശിവന് കുട്ടി. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ ആരോപണങ്ങള്‍ ശരിയല്ല. ഇതുവരെയായി അദ്ദേഹം സ്ഥലത്തെത്തിയില്ല. രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. റെയില്‍വേയുടെ വീഴ്ചയാണ് വിഷയത്തില്‍ സംഭവിച്ചിരിക്കുന്നത്. കോര്‍പ്പറേഷനെ കുറ്റം പറയാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. സഹകരിക്കാന്‍ പോലും തയ്യാറാകാത്ത പ്രതിപക്ഷ നേതാവാണ് ഇവിടെ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തെ കുറ്റം പറയുന്നത്. ദുഷ്ടലാക്കോടെയുള്ള പ്രസ്താവനയാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. അദ്ദേഹം പ്രസ്താവന പിന്‍വലിക്കണമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
ആമയിഴഞ്ചാന്‍ തോടിലെ മാലിന്യ നീക്കത്തിന് ഒരു മനുഷ്യന്റെ തിരോധാനം വേണ്ടിവന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞത്. മഴക്കാല ശുചീകരണ പ്രവര്‍ത്തനം നടക്കാത്തതില്‍ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നുവെന്നും അന്ന് തദ്ദേശമന്ത്രി ഉള്‍പ്പെടെ തങ്ങളെ പരിഹസിച്ചിരുന്നുവെന്നും വി ഡി സതീശന് പറഞ്ഞു.