തിരുവനന്തപുരം: ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട് മരണപ്പെട്ട ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സര്‍ക്കാരിന്റെ വാഗ്ദാനം. ജോയിയുടെ സഹോദരന്റെ മകന് ജോലിയും ജോയിയുടെ അമ്മയ്ക്ക് വീടുനിര്‍മിച്ച് നല്‍കുമെന്നുമാണ് വാക്ക് നല്‍കിയിരിക്കുന്നത്. പാറശാല എംഎല്‍എ സികെ ഹരീന്ദ്രനും മേയര്‍ ആര്യാ രാജേന്ദ്രനും ഇക്കാര്യം കുടുംബത്തെ അറിയിച്ചത്. ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുന്നതോടൊപ്പം പൊളിഞ്ഞ് കിടക്കുന്ന വീട്ടിലേക്കുള്ള വഴിയും ശരിയാക്കും. ഇതുസംബന്ധിച്ച് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന.
ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് ജോയിയുടെ മൃതദേഹം ലഭിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ച് തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിച്ചു. മൂന്ന് ദിവസത്തെ പഴക്കമുള്ളതിനാല്‍ ചീര്‍ത്ത നിലയിലായിരുന്നു മൃതദേഹം. മൃതദേഹം നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.