കൊച്ചി: രമേശ് നാരായണന്‍ വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ആസിഫലി. തന്നോടുള്ള ഇഷ്ടവും പിന്തുണയും മറ്റൊരാള്‍ക്ക് നേരെയുള്ള വിദ്വേഷ പ്രചരണത്തിന് വേദിയൊരുക്കരുതെന്നായിരുന്നു ആസിഫിന്റെ മറുപടി. കൊച്ചിയില്‍ നടന്ന സിനിമാ പ്രമോഷന്‍ ചടങ്ങിനിടെയാണ് ആസിഫ് പക്വതയുള്ള മറുപടി നല്‍കി ജനമനസ്സുകള്‍ വീണ്ടും കീഴടക്കിയത്. തനിക്ക് ആ സംഭവത്തില്‍ വിഷമമില്ലെന്നും രമേശ് നാരായണന്‍ തന്നെ അപമാനിച്ചതല്ലെന്നും അദ്ദേഹത്തിനെ സോഷ്യല്‍മീഡിയയില്‍ വേട്ടയാടരുതെന്നും ആസിഫ് അലി പറഞ്ഞു.
കലയെ മാത്രമല്ല കലാകരനേയും മലയാളികള്‍ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് ഇന്നലെ ഒരു ദിവസം കൊണ്ട് മനസ്സിലാക്കി തന്നു. എനിക്കുള്ള പിന്തുണയ്ക്ക് നന്ദി, അത് മറ്റൊരാള്‍ക്കെതിരായ വിദ്വേഷം ആകരുത്. അദ്ദേഹം ഇപ്പോള്‍ അനുഭവിക്കുന്ന വേദന എനിക്ക് മനസ്സിലാകും. ഞാന്‍ സങ്കടപ്പെടുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ആള്‍ തന്നെയാണ്. പക്ഷെ അത് എന്റെത് മാത്രമാണ്. അത് പരസ്യമായി പ്രകടിപ്പിക്കാറില്ലെന്ന് ആസിഫ് പറഞ്ഞു. സംഭവം കൂടുതല്‍ വിവാദമായത് താന്‍ ഇന്നലെ ഉച്ചയോടെയാണ് അറിഞ്ഞത്. തന്നേക്കാളും സീനിയോരിറ്റിയുള്ള താന്‍ ബഹുമാനിക്കുന്ന വ്യക്തി മാപ്പ് പറയേണ്ട അവസ്ഥ വരേ വന്നതില്‍ എനിക്കും വിഷമമുണ്ട്. വിവാദം കനത്തതോടെ മാധ്യമങ്ങളെ കാണണമെന്ന് ഉറപ്പിച്ചതായിരുന്നുവെന്നും ആസിഫ് പറഞ്ഞു.
തുടര്‍ സംസാരം വേണ്ടെന്നു വെച്ചത് ആണ്. എന്നാല്‍ രമേശ് നാരായണ്‍ സാറിനെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയ്ന്‍ കാണുന്നത് കൊണ്ടാണ് സംസാരിക്കാന്‍ തയ്യാറാകുന്നത്. തനിക് വിഷമമോ പരിഭവമോ ഇല്ല. അവാര്‍ഡ് വേദിയില്‍ ആദ്യം തന്നെ അദ്ദേഹത്തിന്റെ പേര് തെറ്റി വിളിച്ചു. അദ്ദേഹത്തെ വിളിക്കാനും മറന്നു. അതിന്റെ പിരിമുറുക്കം അദ്ദേഹത്തിന് ഉണ്ടായിരിക്കാം. എനിക്ക് അതില്‍ വേറെ ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിട്ടില്ല. മതപരമായി വരെ ചര്‍ച്ചകള്‍ ഉയര്‍ന്നു. ഇന്ന് രാവിലെ അദ്ദേഹവുമായി ഞാന്‍ ഫോണില്‍ സംസാരിച്ചിരുന്നു. മോനെ പ്ലീസ് കോള്‍ ബാക്ക് എന്നൊരു മെസ്സേജ് രമേഷ് സാര്‍ അയച്ചു. ശബ്ദം ഇടറുന്നത് ആയി തോന്നി. അതെനിക്ക് ഒരുപാട് വിഷമം ഉണ്ടാക്കി. അത്രയും സീനിയര്‍ ആയിട്ടുള്ള അദ്ദേഹത്തെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന അവസ്ഥവരെ കൊണ്ടേത്തിച്ചു അത്. അദ്ദേഹത്തെ പോലെ ഒരാള്‍ ക്ഷമ പറയേണ്ടത് ഇല്ല. സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച പിന്തുണയില്‍ അതിയായ സന്തോഷം ഉണ്ട്. പക്ഷേ അദ്ദേഹത്തിന് എതിരെ ഹേറ്റ് ക്യാമ്പയ്ന്‍ നടക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പ് ഇല്ല. അദ്ദേഹം മനഃപൂര്‍വം അങ്ങനെ ചെയ്തത് അല്ല. അങ്ങനെ ചെയ്യുന്ന ആളുമല്ല. ഒരു കലാകാരനും അങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന് ആ മൊമന്റില്‍ ഉണ്ടായ എന്തോ ഒരു ടെന്‍ഷന്‍ ആയിരിക്കണം അത്. അദ്ദേഹം എന്നെ അപമാനിച്ചതായി എനിക്ക് ഫീല്‍ ചെയ്തിട്ടില്ല. വീണ്ടും പറയുകയാണ് രമേഷ് സാറിന് എതിരെ ഒരു ക്യാമ്പയ്ന്‍ നടക്കുന്നുണ്ടെങ്കില്‍ അത് ഇതോടെ അവസാനിക്കണമെന്നായിരുന്നു മാധ്യമങ്ങളോട് ആസിഫ് പറഞ്ഞത്.
എംടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ രമേശ് നാരായണനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നു. അതിനിടെയാണ് സംഭവത്തില്‍ ആദ്യപ്രതികരണവുമായി ആസിഫ് രംഗത്തുവന്നത്. വിവാദമായതിന് പിന്നാലെ സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും രംഗത്തെത്തി. ആസിഫ് അലിയെ ചേര്‍ത്ത് പിടിക്കുന്നുവെന്നും രമേഷ് നാരായണന്‍ പക്വതയില്ലാതെ പെരുമാറിയെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫെഫ്ക കഴിഞ്ഞ ദിവസം തന്നെ ആസിഫ് അലിയെയും രമേഷ് നാരായണനെയും വിളിച്ചിരുന്നു.