തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തീവ്രമഴ മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി വീടുകളില്‍ വെള്ളം കയറി. മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും 50 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. മൂവാറ്റുപുഴ തൊടുപുഴ ആറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേ സമയം, കണ്ണൂര്‍ മട്ടന്നൂര്‍ വെളിയമ്പ്രയില്‍ വെള്ളം കയറി. നിര്‍ത്തിയിട്ട കാര്‍ വെള്ളക്കെട്ടില്‍ മുങ്ങി. ശക്തമായ മഴയാണ് ഇന്നലെ രാത്രി മുതല്‍ കണ്ണൂര്‍ ജില്ലയുടെ പല ഭാഗത്തും പെയ്യുന്നത്. കൊട്ടിയൂര്‍ പാല്‍ച്ചുരം വഴി ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പാനൂര്‍ കുന്നോത്ത്പറമ്പ് മേഖലയിലും റോഡില്‍ വെള്ളം കയറി. വയനാട് മീനങ്ങാടി അമ്പലപടിയില്‍ മണ്ണിടിച്ചിലുണ്ടായി. കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരിക്കില്ല. ദേശീയപാതയിലേക്ക് ചെളി ഒഴുകിയെത്തിയതിനാല്‍ ഗതാഗത തടസമുണ്ടായി. ദേശീയപാതയ്ക്കരികിലെ കൃഷിയിടത്തിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.