തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴ തുടരുന്നു. അഞ്ച് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തോരാമഴയില്‍ വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വടക്കന്‍ കേരളത്തില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മഞ്ചേരിയിലെ ക്വാറിയില്‍ കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒഡീഷക്കാരന്‍ ദിഷക് മണ്ഡിക (21)യാണ് മരിച്ചത്. ഇന്ന് രണ്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് അതിതീവ്രമഴ മുന്നറിയിപ്പുള്ളത്.
എട്ടു ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പുമുണ്ട്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് മലപ്പുറം തിരുരങ്ങാടിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പനമ്പുഴ റോഡിലെ 35 ഓളം വീടുകളിലാണ് വെള്ളം കയറിയത്. നൂറോളം കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ശക്തമായ മഴയില്‍ കോഴിക്കോട് ജില്ലയിലെ കല്ലായിയില്‍ വീട് തകര്‍ന്നു. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വിവിധ ഡാമുികള്‍ തുറന്നിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാണ്. ഉയര്‍ന്ന തിരമാലകള്‍ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.