കുട്ടികളെ വീട്ടില്‍ പോയി സ്‌കൂളിലേക്ക് എത്തിക്കുന്ന അധ്യാപകന്‍. സ്വന്തം ബൈക്കില്‍ ഇരുത്തി കുട്ടികളെ സ്‌കൂളില്‍ എത്തിക്കും. പഠിക്കാന്‍ പേനയും പെന്‍സിലും പുസ്തകങ്ങളും വാങ്ങിക്കൊടുക്കും, സ്‌കൂളിലെത്തിയാല്‍ ഭക്ഷണം ഉണ്ടാക്കി നല്‍കും. മുത്തപ്പന്‍ പുഴ സെന്റ് സെബാസ്റ്റ്യന്‍ എല്‍പി സ്‌കൂളിലെ പ്രധാന അധ്യാപകനായ ലൈജു തോമസാണ് ഇവിടെ വ്യത്യസ്ഥനാവുന്നത്. ആധുനിക ക്ലാസ് മുറികളും പഠന സംവിധാനങ്ങളുമുള്ള നിരവധി സ്‌കൂളുകള്‍ നില കൊള്ളുന്ന കോഴിക്കോട് ജില്ലയിലെ മലയോരഗ്രാമമായ മുത്തപ്പന്‍ പുഴയില്‍ ഒരു കൊച്ചു കെട്ടിടത്തില്‍ ചുമരുകെട്ടി വേര്‍തിരിക്കാത്ത ഒരു ഹാളില്‍ നാല് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയമാണ് മുത്തപ്പന്‍ പുഴ സെന്റ് സെബാസ്റ്റ്യന്‍ എല്‍പി സ്‌കൂള്‍. ഇവിടെ പഠിക്കുന്നത് ആദിവാസി വിഭാഗത്തില്‍പ്പെട്ട കുറച്ച് വിദ്യാര്‍ത്ഥികള്‍ മാത്രം.
2018 ല്‍ ട്രാന്‍സ്ഫര്‍ കിട്ടിയാണ് ലൈജു തോമസ് ഇവിടെയെത്തുന്നത്. കുട്ടികള്‍ കൃത്യമായി എത്താത്ത ക്ലാസ് മുറികളും സ്‌കൂളാണെന്ന് തോന്നാത്ത വിധത്തിലുള്ള ഒരു കെട്ടിടവുമായിരുന്നു മുത്തപ്പന്‍ പുഴ സെന്റ് സെബാസ്റ്റ്യന്‍ എല്‍പി സ്‌കൂള്‍. ആദിവാസി മേഖലയിലെ കുട്ടികളെ രക്ഷിക്കാന്‍ അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുകയാണ് ഏറ്റവും നല്ല മാര്‍ഗം എന്ന് വിശ്വസിച്ചിരുന്ന ലൈജു തോമസ് ഒറ്റയ്ക്ക് അതിനായി നേരിട്ടിറങ്ങി. സ്‌കൂള്‍ ഒറ്റയ്ക്ക് വൃത്തിയാക്കി. സ്‌കൂളിലേക്ക് കുട്ടികളെ എത്തിക്കാന്‍ വേണ്ടി ആകര്‍ഷകമായ കളിപ്പാട്ടങ്ങളും മറ്റും ഒരുക്കി. പുഴയിലും കാട്ടിലും കളിച്ച് നടന്നിരുന്ന കുട്ടികളെ സ്വന്തം വാഹനത്തില്‍ സ്‌കൂളില്‍ എത്തിച്ചു. കുട്ടികള്‍ക്കായുള്ള ഭക്ഷണവും അദ്ധ്യാപകന്‍ വീട്ടില്‍ നിന്നുണ്ടാക്കി കൊണ്ടുവരും. രാവിലെ കഴിക്കാതെ വരുന്ന കുട്ടികള്‍ക്ക് ഉപ്പുമാവ് നല്‍കും. ഉച്ചക്ക് ചോറിനൊപ്പം കഴിക്കാനുള്ളതും അദ്ധ്യാപകന്‍ കൊണ്ടുവരും. വൈകീട്ട് കുട്ടികള്‍ പോകുമ്പോള്‍ അവര്‍ക്ക് ഈന്തപ്പഴവും മുന്തിരിയും അണ്ടിപ്പരിപ്പും സമ്മാനമായി നല്‍കും.
കൂടാതെ, അവര്‍ക്ക് വസ്ത്രങ്ങളും പുസ്തകങ്ങളും നല്‍കി. എല്ലാം സ്വന്തം പൈസയില്‍ നിന്നെടുത്താണ് ചെയ്യുന്നത്. അസുഖം ഉളള കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുന്നതും അദ്ധ്യാപകന്‍ തന്നെയാണ്. ഒന്ന് മുതല്‍ നാല് വരെ ക്ലാസുകള്‍ ഉള്ള സ്‌കൂളില്‍ മറ്റ് അധ്യാപകര്‍ ട്രാന്‍സഫറായി പോയ കാലത്ത് ഒറ്റയ്ക്ക് എല്ലാ ക്ലാസിലേയും കുട്ടികളെ പഠിപ്പിച്ചു. ഈ കുട്ടികളുടെ വിദ്യാഭ്യാസം തന്റെ ഉത്തരവാദിത്വമാണെന്നാണ് അധ്യാപകന്‍ പറയുന്നത്. ഏതെങ്കിലും തരത്തില്‍ സ്‌കൂള്‍ നിര്‍ത്തി വെക്കേണ്ടി വന്നാല്‍ കുട്ടികള്‍ വീണ്ടും പുഴയിലേക്കും കാടുകളിലേക്കും തിരിച്ചു പോകുമെന്ന ആശങ്കയുള്ളതിനാലാണ് ട്രാന്‍സ്ഫര്‍ പോലും വേണ്ടെന്ന് വെച്ച് അധ്യാപകന്‍ സ്‌കൂളില്‍ തുടരുന്നത്.