ബംഗളൂരു: കര്‍ണാടകയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയത് കോഴിക്കോട് സ്വദേശി അര്‍ജുനടക്കം 10 പേരെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടര്‍ ലക്ഷ്മിപ്രിയ. ഇതു വരെ 7 പേരുടെ മൃതദേഹം സംഭവസ്ഥലത്ത് നിന്നും കണ്ടെത്തി. ശേഷിച്ചവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ബാക്കിയുള്ളവര്‍ സമീപത്തുള്ള ഗംഗാവാലി നദിയിലേക്ക് ഒഴുകി പോയിട്ടുണ്ടാകുമെന്ന സംശയത്തിലാണ് അധികൃതര്‍. അതിനാല്‍ തിരച്ചിലിനായി നേവിയുടെ സഹായം തേടും. മണ്ണിനടിയില്‍ ട്രക്കും ഒരു ബെന്‍സും ഉണ്ടെന്ന് ജിപിഎസിലൂടെ കണ്ടെത്തിയിട്ടുണ്ട്
രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടിയായി മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഗംഗാവലി പുഴ നിറഞ്ഞൊഴുകുന്നതും രക്ഷാ പ്രവര്‍ത്തനത്തിന് തടസമാവുന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് എന്‍ഡിആര്‍എഫും പൊലീസും പുഴയിലെ തിരച്ചില്‍ തല്‍ക്കാലികമായി നിര്‍ത്തിവച്ചു. നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഹെലികോപ്റ്ററുകള്‍ വഴി മുങ്ങല്‍ വിദഗ്ധര്‍ പുഴയിലിറങ്ങും. കാര്‍വാര്‍ നാവികസേന ബേസ് കലക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം ഗോവ നേവല്‍ ബേസില്‍ അനുമതി തേടിയിട്ടുണ്ട്.