Newsperseconds.com

സംസ്ഥാനത്തെ പ്രധാന ഉത്പന്നങ്ങളെല്ലാം കേരള ബ്രാന്‍ഡിന് കീഴില്‍ കൊണ്ടുവരും; മന്ത്രി പി. പ്രസാദ്

Capture

ആലപ്പുഴ: സംസ്ഥാനത്തെ പ്രധാന ഉത്പന്നങ്ങളെല്ലാം കേരള ബ്രാന്‍ഡിന് കീഴില്‍ ഘട്ടം ഘട്ടമായി കൊണ്ടുവരുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. നാട്ടിലെ ഉയര്‍ന്ന നിലവാരമുള്ള ഉത്്പന്നങ്ങളും സേവനങ്ങളും തനത് കേരള ബ്രാന്‍ഡിന് കീഴില്‍ വിപണനം ചെയ്ത് ആഗോളതലത്തില്‍ സ്വാധീനം ചെലുത്തുകയാണ് ലക്ഷ്യമെന്നും എഫ്.പി.ഒ. അംഗങ്ങള്‍ക്കുള്ള ബോധവത്കരണ പരിപാടി ആലപ്പുഴ ചുങ്കം സ്റ്റേറ്റ് കൊയര്‍ മെഷീനറി മാനുഫാക്ചറിംഗ് ലിമിറ്റഡ് ഹാളില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

ഉത്പന്നങ്ങളുടെ ആധികാരികതയും ഗുണനിലവാരവും ജോലിസ്ഥലത്തെ ധാര്‍മ്മികതയും ഉറപ്പാക്കും. ഇതിന് മുന്നോടിയായി സംസ്ഥാനത്തെ വിവിധ കൃഷി ഭവനുകളില്‍ കീഴില്‍ ഇതുവരെ ആയിരത്തിലധികം കൃഷി കൂട്ടങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവരില്‍ നിന്നും ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ കേരളം ബ്രാന്‍ഡിനു കീഴില്‍ കൊണ്ടുവരുകയാണ് ലക്ഷ്യം. കയറ്റുമതി പ്രോത്സാഹനം, വിപണി വിപുലപ്പെടുത്തല്‍, ഉയര്‍ന്ന നിലവാരമുള്ള സര്‍ട്ടിഫിക്കേഷന്‍, ഇ-മാര്‍ക്കറ്റിംഗ് സുഗമമാക്കല്‍ എന്നിവയ്ക്ക് പുറമെ ഉല്‍പ്പന്നങ്ങളുടെ മുഴുവന്‍ ശ്രേണിയും വിപണിയില്‍ തന്ത്രപരമായി സ്ഥാപിക്കാന്‍ ബ്രാന്‍ഡിംഗ് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ (എഫ്.പി.ഒ.) പോലുള്ള കര്‍ഷക കൂട്ടായ്മകള്‍ കൃഷി ലാഭകരമാക്കാന്‍ സഹായിക്കും. കൃഷിയില്‍ നിന്ന് വരുമാനം ഉണ്ടാക്കണമെങ്കില്‍ കര്‍ഷകര്‍ മൂല്യവര്‍ദ്ധിത ഉത്പന്ന മേഖലയിലേക്ക് കടന്നുവരണം. കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്ന ഉത്പാദന മേഖലയില്‍ വന്‍കിട കമ്പനികള്‍ ലാഭം കൊയ്യുന്നിടത്ത് നാട്ടിലെ സാധാരണ കര്‍ഷകര്‍ക്ക് കൂട്ടായ്മയിലൂടെ ഈ മേഖലയില്‍ വരുമാനം ഉണ്ടാക്കാനുള്ള അവസരമൊരുക്കുകയാണ് കര്‍ഷക കൂട്ടായ്മകളിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ ജിനു എബ്രഹാം അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എസ്. അനില്‍ കുമാര്‍, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ ടി.കെ. പ്രേംകുമാര്‍, ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ അനിത ജെയിംസ്, അഗ്രി ഡെപ്യൂട്ടി ഡയറക്ടര്‍ മാരായ ബി. സ്മിത, എം.എം. റെജിമോള്‍, എ.ഡി.എ. മാര്‍ക്കറ്റിംഗ് സിന്ധു, എല്‍.ഡി.എം. അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു. ലൈസന്‍സ് വിതരണം, പുതിയതായി രൂപീകരിച്ച എഫ്.പി.ഒ.കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയും മന്ത്രി നിര്‍വഹിച്ചു.

Share this Article

Leave a Comment