Newsperseconds.com

പകുതിയോളം മണ്ണ് മാറ്റിയിട്ടും റോഡില്‍ ലോറി കണ്ടെത്താനായില്ല; ഇനിയും മണ്ണെടുത്താല്‍ മണ്ണിടിച്ചിലിന് സാധ്യതയെന്ന് അധികൃതര്‍; അര്‍ജുനായുള്ള തിരച്ചില്‍ ഗംഗാവലി പുഴയിലേക്ക്

Capture

കര്‍ണ്ണാടക: അഗോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇനി ഗംഗാവലി പുഴയിലേക്ക്. റോഡില്‍ ലോറിയില്ലെന്ന നിഗമനത്തിലേക്കാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. മണ്ണിന്റെ പകുതിയോളം മാറ്റിയിട്ടും ലോറിയുണ്ടെന്ന് സിഗ്നല്‍ കാണിക്കുന്ന സ്ഥലത്ത് യാതൊന്നും കണ്ടെത്താനാവാത്തത് നിരാശയാണ് നല്‍കുന്നത്. ഇനി മണ്ണ് നീക്കം ചെയ്താല്‍ മണ്ണിടിച്ചില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. പുഴയിലുള്ള തിരച്ചില്‍ എത്രയും പെട്ടെന്ന് തന്നെ ആരംഭിക്കും. ഇന്ത്യന്‍ ആര്‍മി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. 98 ശതമാനം മണ്ണ് മാറ്റിയിട്ടും ഒന്നും കണ്ടെത്താനായില്ല.

പുഴയിലും മണ്ണിടിച്ചില്‍ മൂലം വലിയ മണ്‍കൂനകള്‍ രൂപപ്പെട്ടിട്ടുണ്ട്. നാവിക സേനയും തെരച്ചില്‍ നടത്തുന്നു. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മാറുകയാണ്. സൈന്യം രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തതോടെ പ്രതീക്ഷയിലായിരുന്നു അര്‍ജുന്റെ കുടുംബം. എന്നാല്‍ മണ്ണിനടിയില്‍ അര്‍ജുന്റെ വാഹനമില്ലെന്ന് അറിഞ്ഞതോടെ കുടുംബം തളര്‍ന്നിരിക്കുകയാണ്. പത്ത് പേരായിരുന്നു അപകടത്തില്‍ പെട്ടത്. അര്‍ജുന്‍ അടക്കം മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. പുഴയിലെ പരിശോധന സങ്കീര്‍ണമായിരിക്കുമെന്നാണ് സൂചന. പുഴയിലെ മണ്‍കൂനകളിലും പരിശോധന നടത്താന്‍ എന്‍ഡിആര്‍എഫ് സംഘത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡ നേരത്തെ പറഞ്ഞിരുന്നു.

അതേ സമയം, അപകട സ്ഥലത്തെ തെരച്ചില്‍ കാര്യക്ഷമമല്ലെന്ന് പരാതിയുമായി പ്രദേശവാസികള്‍ രംഗത്തെത്തി. ഉദ്യോഗസ്ഥന്‍മാരും നേതാക്കളും ഷോ കാണിച്ച് മടങ്ങുന്നു എന്നും ആരോപണമുയര്‍ന്നു. എന്നാല്‍ അര്‍ജുനായുള്ള തെരച്ചിലില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും കേരള സര്‍ക്കാര്‍ ബന്ധപ്പെട്ടിരുന്നെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ വിളിച്ചിരുന്നു. മരിച്ചവര്‍ക്ക് 5 ലക്ഷം ധനസഹായവും സിദ്ധരാമയ്യ പ്രഖ്യാപിച്ചു. അപകടത്തില്‍ ദേശീയപാത അതോറിറ്റിയെ കര്‍ണാടക മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Share this Article

Leave a Comment