ബംഗളൂരു: ഏഴാം ദിവസവും അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ ഫലമുണ്ടായില്ല. അര്‍ജുന്‍ തിരിച്ചുവരുമെന്നുള്ള പ്രതീക്ഷ കൈവിട്ടെന്ന് കുടുംബം. ടണല്‍ ദുരന്തത്തിലൊക്കെ പെട്ടത് പോലെ മകന്‍ തിരിച്ചുവരുമെന്നാണ് ഞങ്ങള്‍ കരുതിയതെന്നും ആ പ്രതീക്ഷയും ഇപ്പോള്‍ മാഞ്ഞെന്നും അര്‍ജുന്റെ അമ്മ പറഞ്ഞു. അത് കൂടാതെ മണ്ണുകള്‍ കൊണ്ടിടുന്നത് അര്‍ജുന്‍ വീഴാന്‍ സാധ്യതയുള്ള കുഴികളിലേക്കാണ്. അവിടെ തിരച്ചില്‍ നടത്താതെയാണ് മണ്ണ് കൊണ്ടിട്ട് മൂടുന്നത്. മകന്‍ ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷ ഇതോടെ ഇല്ലാതാവുകയാണെന്നും അര്‍ജുന്റെ അമ്മ പറഞ്ഞു. കര്‍ണ്ണാടകയിലെ ഭരണത്തോടും പൊലീസിനോടും ഇപ്പോള്‍ കേന്ദ്രത്തോടും ഞങ്ങള്‍ക്ക് ഒരു വിശ്വാസവും വരുന്നില്ല. സൈന്യത്തിന്റെ നടപടിയില്‍ വലിയ വിഷമമുണ്ട്. അവര്‍ക്ക് നിര്‍ദ്ദേശത്തിന്റെ കുറവുണ്ട്. പട്ടാളക്കാരെ അഭിമാനത്തോടെ കണ്ടിരുന്നവരായിരുന്നു ഞങ്ങള്‍. ഇപ്പോള്‍ അതൊക്കെ തെറ്റി. പട്ടാളം ആളെ കാണിക്കാന്‍ കൂലിക്ക് ഗോഷ്ടി കെട്ടി വിടുന്നവരാണോ എന്നും അമ്മ ചോദിച്ചു.
അതേ സമയം, അര്‍ജുന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷ കൈവിട്ടെന്ന് സഹോദരിയും മാധ്യമങ്ങളോട് പറഞ്ഞു. മനുഷ്യനെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും അത്ര വലിയ ലോറി കണ്ടെത്താന്‍ ആധുനിക സംവിധാനങ്ങള്‍ വന്നിട്ടും സാധിച്ചില്ല എന്നതില്‍ അതിയായ വിഷമമുണ്ട്. ഇന്ത്യയിലെ വികസനങ്ങള്‍ എത്ര വളര്‍ന്നുവെന്ന് പറഞ്ഞാലും ഇത് അംഗീകരിക്കാനാവില്ല എന്നും സഹോദരി പറഞ്ഞു.
ലോറി കരയില്‍ ഇല്ല എന്ന നിഗമനത്തിലാണ് സൈന്യവും രക്ഷാപ്രവര്‍ത്തകരും ഇന്നത്തെ തിരച്ചില്‍ നിര്‍ത്തിയത്. മഴ പെയ്യുന്നതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കരയിലെ തിരച്ചില്‍ സൈന്യം പൂര്‍ണമായും അവസാനിപ്പിച്ചതായി കാര്‍വാര്‍ എംഎല്‍എ പറഞ്ഞു. ഇന്ന് മൂന്നിടങ്ങളിലാണ് പരിശോധന നടത്തിയത്. എന്നാല്‍ ഉണ്ടായിരുന്നില്ല. കരയില്‍ ലോറി ഇല്ല എന്ന കാര്യം സൈന്യവും സ്ഥിരീകരിച്ചു. ഗംഗാവാലി പുഴ കേന്ദ്രീകരിച്ചായിരിക്കും അര്‍ജുന് വേണ്ടിയുള്ള നാളത്തെ തിരച്ചില്‍. ഇതിനായി ആധുനിക സംവിധാനങ്ങളടക്കം എത്തിക്കും. എന്‍ഡിആര്‍എഫില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുമെത്തും.