കൊച്ചി: ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഒരാഴ്ചത്തേക്ക് സ്‌റ്റേ ചെയ്ത് ഹൈക്കോടതി. കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകീട്ട് മൂന്നുമണിക്ക് പുറത്തു വിടാനിരിക്കെയാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നിര്‍മ്മാതാവായ സജിമോന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികളോട് വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് അടുത്തമാസം ഒന്നിന് കോടതി വീണ്ടും പരിഗണിക്കും. അതുവരെ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നാണ് കോടതി നിര്‍ദേശം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവ് റദ്ദാക്കണമെന്നും വിവരാവകാശ കമ്മീഷണറുടെ ഉത്തരവിന്‍ മേലുള്ള നടപടികള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നുമാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്.
രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരന്റെയും വിവരാവകാശ കമ്മീഷന്റെയും വാദം കോടതി കേട്ടു. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതില്‍ പൊതുതാല്‍പ്പര്യമില്ലെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. പൊതുതാല്‍പ്പര്യമുണ്ടെന്നതിന് ഒരു തെളിവും വിവരാവകാശ കമ്മീഷന്‍ പുറത്തുവിട്ടിട്ടില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പേരുള്ളവരുടെ ഭാഗം കേള്‍ക്കാതെയാണ് വിവരാവകാശ കമ്മീഷന്‍ തീരുമാനമെടുത്തത്. പ്രസിദ്ധീകരിക്കുന്നത് സ്വാഭാവിക നീതിക്ക് എതിരാണ്. വിവരാവകാശ നിയമമനുസരിച്ച് വ്യക്തിപരമായ വിവരങ്ങള്‍ പുറത്തു വിടാനാകില്ല.