കോഴിക്കോട്: പാര്‍ട്ടിക്കുള്ളില്‍ ഒറ്റുകാരുടെ റോളില്‍ പ്രവര്‍ത്തിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കും. പാര്‍ട്ടി വേദിയില്‍ പറയുന്നതും പറയാത്തതും വാര്‍ത്തയാവുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് കുറിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ട്. സുല്‍ത്താന്‍ ബത്തേരി ക്യാമ്പില്‍ തന്നെ കുറിച്ച് ചര്‍ച്ച ചെയ്യാത്തത് പോലും വാര്‍ത്തയായെന്ന് കെ മുരളീധരന്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതുള്‍പ്പെടെ എല്ലാ കാര്യങ്ങളും നേരത്തെ ചെയ്യണം. തൃശ്ശൂരില്‍ സംഭവിച്ചത് ഇനി ഉണ്ടാകാന്‍ പാടില്ലാത്ത പരാജയമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയുടെ ചുമതലയാണ് തനിക്ക്. ഇത് സംബന്ധിച്ച് ഇന്നലെ അറിയിപ്പ് ലഭിച്ചെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിക്ക് അകത്ത് പറയുന്നത് പുറത്തുവരുന്നത് ഗൗരവമായി എടുക്കണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.