കേരളത്തിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് അടുത്ത ആറ് മാസത്തിനുള്ളില്‍ മുഖം നോക്കാതെ കര്‍ശന നടപടിയുണ്ടാകും. ആവശ്യമെങ്കില്‍ ദുരന്തനിവാരണ ആക്ട് ഉള്‍പ്പെടെ പ്രയോഗിക്കും. സംസ്ഥാനത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് കഴിഞ്ഞ ഒരു വര്‍ഷമായി സര്‍ക്കാര്‍ തീവ്രശ്രമം നടത്തുന്നുണ്ട്. ഇതില്‍ നല്ല നേട്ടമുണ്ടാക്കുകയും ചെയ്തു. അതിനിടെയാണ് റെയില്‍വേയുടെ അധീനതയിലുള്ള പ്രദേശത്ത് മാലിന്യം നീക്കം ചെയ്യാനിറങ്ങിയ വ്യക്തി ഒഴുക്കില്‍പെട്ട് മരിക്കുന്ന സംഭവം ഉണ്ടായത്. കോര്‍പറേഷനോ സര്‍ക്കാരിനോ നേരിട്ട് ഇടപെടാനാകാത്ത സ്ഥലമാണ് റെയില്‍വേയുടേത്. റെയില്‍വേ ആക്ട് അനുസരിച്ച് റെയില്‍വേയുടെ സ്ഥലത്ത് മാലിന്യ നീക്കത്തില്‍ ഇടപെടുന്നത് റെയില്‍വേ തടയുകയായിരുന്നു. 2011ലെ റെയില്‍വേ സര്‍ക്കുലര്‍ അനുസരിച്ച് റെയില്‍വേയുടെ സ്ഥലത്തെ മാലിന്യ നീക്കത്തിന്റെ ഉത്തരവാദിത്തം റെയില്‍വേയ്ക്കാണ്.
റെയില്‍വേ സ്റ്റേഷനുകളിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് നിരവധി തവണ യോഗം വിളിച്ചു. 2024 ജനുവരി 31ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കേരളത്തിലെ രണ്ട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍മാര്‍ക്കും കത്ത് നല്‍കി. തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് മറുപടി പോലും നല്‍കിയില്ല. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചു. അതിലും രണ്ട് ഡി ആര്‍ എം മാരും പങ്കെടുത്തില്ല. പകരം ജൂനിയര്‍ ഓഫീസര്‍മാരെയാണ് അയച്ചത്. റെയില്‍വേയുടെ മാലിന്യ പ്രശ്‌നം സംബന്ധിച്ച് ഹൈക്കോടതി തന്നെ റെയില്‍വേയെ വിമര്‍ശിച്ചിട്ടുണ്ട്. റെയില്‍വേ വന്‍കിട മാലിന്യ ഉത്പാദകര്‍ ആണെന്നാണ് ഹൈക്കോടതി പറഞ്ഞത്. മെയ് അഞ്ചിന് തിരുവനന്തപുരം ഡിവിഷന് കോര്‍പറേഷന്‍ നോട്ടീസ് നല്‍കി. മെയ് 17ന് വീണ്ടും കത്ത് നല്‍കി. തുടര്‍ന്ന് തന്റെ കൂടി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രൊസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്ന് കാട്ടി കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. മെയ് 23ന് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ടും നോട്ടീസ് നല്‍കി. തുടര്‍ന്നാണ് മാലിന്യ നീക്കത്തിന് റെയില്‍വേ കരാര്‍ നല്‍കിയത്.
മാലിന്യം നീക്കം ചെയ്യുന്നതിനിടെ അപകടമുണ്ടായി ജീവന്‍ നഷ്ടപ്പെട്ട ജോയിയുടെ നിര്യാണത്തില്‍ സര്‍ക്കാരിനു വേണ്ടി അനുശോചനം അറിയിക്കുന്നതായി മന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് ജോയിയെ കണ്ടെത്താന്‍ നടന്നത്. ഇതിനായി അണിനിരന്ന എല്ലാവരെയും സര്‍ക്കാരിനു വേണ്ടി അഭിനന്ദിക്കുന്നതായും നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. മാലിന്യ നിര്‍മാര്‍ജനം എല്ലാവരും ചേര്‍ന്ന് ഒരുമിച്ച് ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണ്. ഇത്തരത്തില്‍ മാലിന്യം കുന്നുകൂടുന്നതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്.
മാലിന്യ സംസ്‌കരണത്തിനായി അടുത്ത ആറ് മാസത്തിനുള്ളില്‍ 11 ലക്ഷ്യങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ഇതിന് സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ ഇതിനായി പ്രത്യേക ഇടപെടലുണ്ടാകും. അടുത്ത ഡിസംബറിനുള്ളില്‍ വാതില്‍പ്പടി ശേഖരണം നൂറു ശതമാനമാക്കും. ജനസംഖ്യാനുപാതികമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ബിന്നുകള്‍ സ്ഥാപിക്കും. മാലിന്യ പോയിന്റുകള്‍ പൂര്‍ണമായി ഇല്ലാതാക്കും. കാമറ നിരീക്ഷണം ശക്തമാക്കും. 2025 ഫെബ്രുവരിയോടെ ടൂറിസം കേന്ദ്രങ്ങളിലെ ശുചിത്വം ഉറപ്പാക്കും. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ ശുചിത്വം ഉറപ്പാക്കുകയും ശുചിത്വ ഓഡിറ്റ് നടത്തുകയും ചെയ്യും. ഒരു ജില്ലയില്‍ ഒരു ആര്‍ ഡി എഫ് പ്‌ളാന്റ് ഉറപ്പാക്കും. അടുത്ത മാര്‍ച്ചിനകം ഒരു ജില്ലയില്‍ കുറഞ്ഞത് ഒരു എസ്. ടി. പി, എഫ് എസ് ടി പി സ്ഥാപിക്കും. നിലവില്‍ 9 എണ്ണം സ്ഥാപിച്ചിട്ടുണ്ട്. മൊബൈല്‍ എസ് ടി പികള്‍ വ്യാപകമാക്കും. 20 സൈറ്റുകളിലെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാന്‍ ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. ലെതര്‍ ഉള്‍പ്പെടെയുള്ള മാലിന്യം ഹരിതകര്‍മ സേന ശേഖരിക്കുന്നതിന് നടപടി സ്വീകരിക്കും. സാനിറ്ററി മാലിന്യവും റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കാത്ത മാലിന്യവും സംസ്‌ക്കരിക്കുന്നതിനുള്ള മെഷീന്‍ തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കും.