നെയ്യാറ്റിന്‍കര: കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് അരുവിപ്പുറം ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. സി.കെ ഹരീന്ദ്രന്‍ എം.എല്‍എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഒരു സമയം 500 പേര്‍ക്ക് ബലിതര്‍പ്പണം നടത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ക്ഷേത്ര പരിസരവും നദിക്കരയും പ്രത്യേകം ബാരിക്കേടുകള്‍ നിര്‍മ്മിച്ചാണ് ചടങ്ങുകള്‍ നടത്തുന്നത്. വനിതാ പോലീസ് അടക്കമുള്ള പോലീസ് സേനയെ ക്ഷേത്ര പരിസരത്തും നദിക്കരയിലുമായി വിന്യസിക്കും. വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിന് പ്രത്യേക സ്ഥല സൗകര്യമൊരുക്കും.
എക്‌സൈസ് വകുപ്പിന്റെ പ്രത്യേക നീരീക്ഷണം രണ്ടു ദിവസം മുമ്പ് ആരംഭിക്കും. നദിക്കരയില്‍ ഫയര്‍ ഫോഴ്‌സിന്റെ സേവനം ഉറപ്പു വരുത്തും. ആംബുലന്‍സ് സൗകര്യത്തോടെ ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ടീം ക്ഷേത്രാങ്കണത്തില്‍ പ്രവര്‍ത്തിക്കും. വാട്ടര്‍ അതോറട്ടറിയുടെ നിയന്ത്രണത്തില്‍ ശുദ്ധജല വിതരണവും വൈദ്യുതി വകുപ്പിന്റെ കീഴില്‍ മുടങ്ങാതെ വൈദ്യുതിയും എത്തിക്കും. നെയ്യാറ്റിന്‍കര നഗരസഭയും പെരുങ്കടവിള ഗ്രാമ പഞ്ചായത്തും സംയുക്തമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ക്ഷേത്രാങ്കണത്തില്‍ റവന്യൂ, പോലീസ് , ആരോഗ്യ വകുപ്പ് എന്നിവയുടെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. സുരക്ഷ ഒരുക്കാത്ത സ്ഥലങ്ങളില്‍ ബലിതര്‍പ്പണം കര്‍ശനമായി നിയന്ത്രിക്കുവാനും യോഗത്തില്‍ തീരുമാനമുണ്ടായി. ആഗസ്റ്റ് 3 ന് രാവിലെ 4 മുതല്‍ ബലി തര്‍പ്പണം ആരംഭിക്കും.
യോഗത്തില്‍ ഡപ്യൂട്ടി കളക്ടര്‍മാരായ ജേക്കബ് ബി റ്റി ജോര്‍ജ്, ആര്‍.എസ് ബിജുരാജ്, നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ വിനോദ് കുമാര്‍ ജി, ഡി.വൈ.എസ്.പി എസ്.ഷാജി, അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, എസ്.എന്‍.ഡി.പി നെയ്യാറ്റിന്‍കര യൂണിയന്‍ സെക്രട്ടറി ആവണി ബി.ശ്രീകണ്ഠന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് തല ഉദ്ധ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.