തൃശൂര്‍: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. തൃശ്ശൂര്‍, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രാഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
അങ്കണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. വിദ്യാര്‍ത്ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക്/ കോഴ്സുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.
അതേ സമയം, വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കോഴിക്കോട് കിഴക്കന്‍ മലയോര മേഖലകളിലും ഇന്ന് പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ്. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. പുഴകളില്‍ ജലനിരപ്പ് ഉയരുകയാണ്. കോഴിക്കോട് തിരുവമ്പാടി മുത്തപ്പന് പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. അതേസമയം വയനാട്ടില്‍ കനത്തമഴ തുടരുന്നതിനാല്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ സാഹസിക വിനോദ സഞ്ചാരം നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 900 കണ്ടി ഉള്‍പ്പെടെയുള്ള സ്ഥലത്തെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ്ങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചത്.