കേരള നിയമസഭ അടുത്തിടെ പാസാക്കിയ ജപ്തി വിരുദ്ധ ബില്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്. തിരിച്ചടവ് മുടങ്ങി ജപ്തിഭീഷണി നേരിടുന്നവരുടെ കഥകള്‍ മാദ്ധ്യമങ്ങളില്‍ പതിവാകുന്ന കേരളത്തില്‍ ഇത്തരത്തിലൊരു നടപടി ആശ്വാസം നല്‍കുകയാണ്. ഇതോടെ മനുഷ്യത്വരഹിതമായ ജപ്തി നടപടികള്‍ സ്വീകരിക്കുന്ന ധനകാര്യസ്ഥാപനങ്ങളുടെ ക്രൂരതയ്ക്കു കടിഞ്ഞാണ്‍ വീഴും. വായ്പാ തിരിച്ചടവ് കുടിശികയുടെ പേരില്‍ വീടും സ്ഥലവും കെട്ടിടവും വസ്തുവും ജപ്തി ചെയ്ത് ഒരു കുടുംബത്തെയും തെരുവില്‍ തള്ളാന്‍ ഇനി കേരളത്തിലെ ഏതൊരു ബാങ്കിനും ധനകാര്യ സ്ഥാപനത്തിനും ഇതര വകുപ്പുകള്‍ക്കും, കഴിയില്ല. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍, ദേശസാത്കൃത ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, കമേഴ്സ്യല്‍ ബാങ്കുകള്‍ തുടങ്ങിയവയുടെ എല്ലാത്തരം ജപ്തി നടപടികളിലും സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ പൂര്‍ണ അധികാരം നല്‍കുന്നതാണ് നിയമസഭ പാസാക്കിയ ജപ്തി വിരുദ്ധ ബില്‍. 1968- ലെ, 87 സെക്ഷനുകള്‍ അടങ്ങിയ നിയമം ഭേദഗതി ചെയ്താണ് 2024-ലെ നികുതി വസൂലാക്കല്‍ (ഭേദഗതി) ബില്‍ നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയിരിക്കുന്നത്.
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കേരളത്തിലെ ഒരു ബാങ്കിനോ സ്ഥാപനത്തിനോ വീടോ സ്ഥലമോ ജപ്തി ചെയ്ത് കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കി വിടാനാകില്ല. ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതോ തെരുവിലേക്ക് ഇറക്കിവിടാനുള്ള നോട്ടീസ് ഏതു നിമിഷവും വീട്ടുമുറ്റത്ത് എത്താമെന്ന് ഭയന്ന് ജീവിക്കുന്ന പതിനായിരക്കണക്കിനു കുടുംബങ്ങള്‍ ഈ വാര്‍ത്ത കേട്ടതോടെ ആശ്വസത്തിലാണ്. എല്ലാ തരം ജപ്തി നടപടികളിലും ഇടപെടാനും, സ്റ്റേ നല്കുവാനും, മൊറട്ടോറിയം പ്രഖ്യാപിക്കാനും സര്‍ക്കാരിന് പുതിയ ജപ്തി വിരുദ്ധ ബില്‍ അധികാരവും, അവകാശവും നല്‍കുന്നുണ്ട്. 25000 രൂപ വരെ തഹസില്‍ദാര്‍, ഒരു ലക്ഷം രൂപ വരെ ജില്ലാ കളക്ടര്‍, അഞ്ച് ലക്ഷം രൂപ വരെ റവന്യൂ വകുപ്പ് മന്ത്രി, പത്ത് ലക്ഷം രൂപ വരെ ധന കാര്യ വകുപ്പ് മന്ത്രി, ഇരുപത് ലക്ഷം രൂപ വരെ കേരള മുഖ്യമന്ത്രി, ഇരുപത് ലക്ഷം രൂപക്ക് മുകളില്‍ കേരള സര്‍ക്കാര്‍ എന്നീ അധികാര കേന്ദ്രങ്ങള്‍ക്ക് ജപ്തി നടപടികള്‍ തടയുവാനും, ഗഡുക്കള്‍ നല്കി സാവകാശം അനുവദിച്ചു നല്‍കാനും, ജപ്തി നടപടികളില്‍ മൊറട്ടോറിയം പ്രഖ്യാപിക്കാനും സാധിക്കും.
ജപ്തി ചെയ്ത വീട്, ഭൂമി, കെട്ടിടം, വസ്തു ഇനി മുതല്‍ ഉടമക്ക് വില്‍ക്കാം, ഉടമ മരിക്കുകയാണെങ്കില്‍ അവകാശികള്‍ക്ക് വില്‍ക്കാം. ജപ്തി വസ്തുവിന്റെ ഉടമയും, വാങ്ങുന്ന ആളും നിശ്ചിത ഫോറത്തില്‍ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം. ഈ രീതിയില്‍ നല്കുന്ന അപേക്ഷയില്‍ ജപ്തി വസ്തു വില്പന രജിസ്ട്രേഷന് ജില്ലാ കളക്ടര്‍ ചെയ്ത് നല്‍കണമെന്ന് ജപ്തി വിരുദ്ധ ബില്‍ വ്യവസ്ഥ ചെയ്യുന്നു. അതോടൊപ്പം, 12 ശതമാനം വരുന്ന പലിശ ഒന്‍പത് ശതമാനമായി കുറച്ച് നല്കാന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. ജപ്തി ചെയ്ത വീട്, ഭൂമി, കെട്ടിടം, വസ്തു ഉടമക്ക് തിരിച്ച് എടുക്കാം, ജപ്തി ചെയ്യപ്പെട്ട വീട്, ഭൂമി, കെട്ടിടം, വസ്തു ഉടമക്ക്, അവകാശികള്‍ക്ക് തിരിച്ച് എടുക്കാന്‍ ജപ്തി വിരുദ്ധ ബില്‍ വ്യവസ്ഥ ചെയ്യുന്നു. ജപ്തി വസ്തുവിന്റെ പണം ഗഡുക്കളായി നല്കി കൊണ്ട് വസ്തു തിരിച്ചെടുക്കാം.
ലേലത്തില്‍ പോകാത്ത വീട്, ഭൂമി, കെട്ടിടം, വസ്തു (ബോട്ട് ഇന്‍ ലാന്റ്) ഒരു രൂപ പ്രതിഫലം നല്കി ജപ്തി വസ്തു സര്‍ക്കാരിന് ഏറ്റെടുക്കാന്‍ ജപ്തി വിരുദ്ധ ബില്‍ സര്‍ക്കാരിന് അധികാരം നല്കുന്നു. ഈ വിധം ഏറ്റെടുക്കുന്ന ജപ്തി വസ്തു ഉടമക്കോ, ഉടമ മരിച്ചാല്‍ അവകാശികള്‍ക്കോ സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ തിരിച്ച് നല്‍കണം. പണം ഗഡുക്കളായി നല്കാന് സാവകാശം നല്‍കുകയും വേണം. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത്തരം ജപ്തി വസ്തു ഉടമക്ക് അല്ലാതെ മറ്റൊരാള്‍ക്കും സര്‍ക്കാര്‍ കൈമാറ്റം ചെയ്യാന്‍ പാടില്ല. സര്‍ക്കാരിന്റെ പൊതു ആവശ്യങ്ങള്‍ക്ക് ഈ വസ്തു ഏറ്റെടുക്കാന്‍ പാടില്ല. ഒരു തരത്തിലുമുള്ള രൂപ മാറ്റവും വസ്തുവില്‍ വരുത്താന്‍ ഒരിക്കലും പാടില്ലെന്നും ജപ്തി വിരുദ്ധ നിയമം കര്‍ശനമായി അനുശാസിക്കുന്നു.