കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഇന്നും നാളെയും സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം. ഈ ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവെയ്ക്കേണ്ടതുമാണെന്ന് പൊതുഭരണ വകുപ്പ് ഇറക്കിയ അറിയിപ്പില്‍ പറയുന്നു.
വയനാട് ജില്ലയില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി.
ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവുവിനെ സ്പെഷ്യല്‍ ഓഫിസറായി നിയമിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും ജില്ലാ കളക്ടര്‍ക്കും ജില്ലാ ഭരണകൂടത്തിനും ആവശ്യമായ പിന്തുണ നല്‍കുന്നതിനുമായാണു സ്പെഷ്യല്‍ ഓഫിസറെ നിയോഗിച്ചു സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചത്.