Newsperseconds.com

20,000 ലിറ്റര്‍ കുടിവെള്ളവുമായി ജല വിഭവ വകുപ്പിന്റെ രണ്ടു വാഹനങ്ങള്‍ ദുരന്ത മേഖലയിലേക്ക്; ചൂരല്‍മലയില്‍ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്ക്; കൂടുതല്‍ മൊബൈല്‍ മോര്‍ച്ചറികളുടെ സേവനം കൂടി ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Untitled 1

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലും ദുരിത മേഖലകളിലും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി. അതിനുവേണ്ട ഇടപെടലുകള്‍ പൊതുവിതരണ വകുപ്പും സപ്ലൈകോയും നടത്തി വരുന്നുണ്ട്. റേഷന്‍കടകളിലും സപ്ലൈകോ വില്‍പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിന് നിര്‍ദ്ദേശം നല്‍കി. ദുരന്ത മേഖലയിലേക്ക് 20,000 ലിറ്റര്‍ കുടി വെള്ളവുമായി ജല വിഭവ വകുപ്പിന്റെ രണ്ടു വാഹനങ്ങള്‍ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ചൂരല്‍മലയില്‍ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും പോളിടെക്‌നിക്കില്‍ താത്ക്കാലിക ആശുപത്രിയും സജ്ജമാക്കുന്നു.

ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. വയനാട് അധികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചു. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള ടീമിനെ വയനാട്ടിലേക്ക് അയച്ചു. സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, ഫോറന്‍സിക് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയും നഴ്‌സുമാരേയും അധികമായി നിയോഗിച്ചു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ടീമിനേയും നിയോഗിച്ചിട്ടുണ്ട്. ദുരന്ത മേഖലകളില്‍ പരിചയമുള്ള ഡോക്ടര്‍ സംഘവും സ്ഥലത്ത് എത്തുന്നതാണ്.
അധിക മോര്‍ച്ചറി സൗകര്യങ്ങളുമൊരുക്കും. മൊബൈല്‍ മോര്‍ച്ചറികളുടെ സേവനം കൂടി ഉപയോഗപ്പെടുത്തും.

ആശുപത്രികളുടെ സൗകര്യങ്ങളനുസരിച്ച് പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു. ഇപ്പോള്‍ അപകടം ഉണ്ടായ സ്ഥലം ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലം അല്ല. എന്നാല്‍ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായി അറിയപ്പെടുന്ന മുണ്ടക്കൈ എന്ന സ്ഥലം തീവ്ര ദുരന്ത സാധ്യതാ പ്രദേശത്താണ്. ഒഴുകി വന്ന മണ്ണും , ഉരുളും, പാറകളും, ഉരുള്‍പൊട്ടല്‍ ദുരന്ത സാധ്യത ഇല്ലാത്ത ചൂരല്‍മല അങ്ങാടി എന്ന പ്രദേശത്താണ് വന്ന് അടിഞ്ഞിട്ടുള്ളത്. അത് പ്രഭവകേന്ദ്രത്തിന്റെ ആറ് കിലോമീറ്റര്‍ അകലെയാണ്. ഈ പ്രദേശം നിരപ്പായ പുഴയുടെ തീരവും വര്‍ഷങ്ങളായി ജനവാസം ഉള്ളമേഖലയുമാണ്. എന്നാല്‍ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം മനുഷ്യവാസം ഉള്ള പ്രദേശം അല്ല. മഴ കനത്തതിനാല്‍ ആളുകളെ മാറ്റിപാര്‍പ്പിച്ചിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ കാരണമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആവശ്യമായ മുന്‍കരുതലകളോടെ ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാനും നാശനഷ്ടങ്ങള്‍ പരമാവധി ലഘൂകരിക്കാാനുമുള്ള പരിശ്രമം വിട്ടുവീഴ്ച കൂടാതെ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. അതു മികച്ച ഫലം നല്‍കണമെങ്കില്‍ ജനങ്ങളുടെ പൂര്‍ണ്ണ സഹകരണം അനിവാര്യമാണ്. അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അവഗണിക്കാതെ കൃത്യമായി പാലിക്കാന്‍ ഓരോരുത്തരും സന്നദ്ധരാകണം. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മേപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന എകദേശം 3 കിലോമീറ്റര്‍ ഹൈ ടെന്‍ഷന്‍ ലൈനുകളും, 8 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനുകളും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. 2 ട്രാന്‍സ്‌ഫോര്‍മര്‍ ഒലിച്ചു പോയി, 3 ട്രാന്‍സ്‌ഫോര്‍മറുകള്‍ നിലംപൊത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ, രണ്ട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ലൈനുകള്‍ക്ക് സാരമായ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. 350 ഓളം വീടുകളുടെ സര്‍വീസ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വിലയിരുത്തി വരികയാണ്.

ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവര്‍ക്ക് മറ്റ് എന്ത് പകരം നല്‍കിയാലും അത് മതിയാകില്ല. എങ്കിലും ദുരിതത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തേണ്ടതുണ്ട്. 2018 ല്‍ പ്രളയം ഉണ്ടായപ്പോള്‍ കേരളമൊട്ടാകെ ഒറ്റക്കെട്ടായി ദുരന്തബാധിതരെ സഹായിക്കാന്‍ തയ്യാറായി. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് സഹായഹസ്തം ആ ഘട്ടത്തില്‍ നീണ്ടു. അതുപോലെതന്നെ വയനാട്ടില്‍ ഇപ്പോള്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കാന്‍ നാം ഒരുമിച്ച് ഇറങ്ങേണ്ട സാഹചര്യമാണ്. പല വിധത്തില്‍ സഹായങ്ങള്‍ പ്രഖ്യാപിച്ച് ഇതിനോടകം പലരും മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും അതൊന്നും മതിയാകില്ല. കൂടുതല്‍ സഹായങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ എല്ലാ തരത്തിലും നമുക്ക് ആ നാടിനെ പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കി അവരെ സഹായിക്കാന്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സി. എം.ഡി.ആര്‍.ഫിലേയ്ക്ക് 50 ലക്ഷം കേരള ബാങ്ക് ഇക്കാര്യത്തില്‍ ഇപ്പോള്‍ തന്നെ നല്‍കിയിട്ടുണ്ട്. സിയാല്‍ 2 കോടി രൂപ വാഗ്ദാനം നല്‍കി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ 5 കോടി രൂപ സഹായമായി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Article

Leave a Comment