വയനാട്: സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ച് വയനാട്. രാത്രി ഏറെ വൈകിയും മുണ്ടക്കൈയില്‍ ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവെച്ചില്ല. എത്രയും പെട്ടെന്ന് പാലം നിര്‍മ്മിക്കണണെന്നാണ് സൈന്യത്തിന്റെ ലക്ഷ്യം. വലിയ വാഹനങ്ങള്‍ക്കടക്കം പോകാന്‍ പറ്റുന്ന കരുത്തുള്ള പാലമാണ് സൈന്യം നിര്‍മ്മിക്കുന്നത്. പ്രദേശത്തെ പാലം ഒലിച്ചുപോയതോടെ നിരവധി ആളുകളായിരുന്നു അട്ടമലയില്‍ ഒറ്റപ്പെട്ടുപോയത്. ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് വേഗത കൂടും. കൂടുതല്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റും.
കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവത് ആണ് നിര്‍മ്മാണ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. പ്രധാന പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിര്‍മ്മിക്കും. ഒരു പാലത്തിലൂടെ വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും പ്രവേശനം ഉണ്ടാവുക. തടസ്സങ്ങള്‍ നേരിടാതിരിക്കാനാണ് ഇത്തരത്തില്‍ രണ്ട് പാലം നിര്‍മ്മിക്കുന്നത്. 17 ട്രക്കുകളിലായാണ് പാലം നിര്‍മ്മാണത്തിന്റെ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിച്ചത്. പുഴയില്‍ പ്ലാറ്റ്ഫോം നിര്‍മ്മിച്ച് പാലത്തിന്റെ ബലമുറപ്പിക്കാനുള്ള തൂണ്‍ സ്ഥാപിച്ചാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്.