സർക്കാരിനെതിരായി നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളിൽ തീരുമാനമെടുക്കണമെങ്കിൽ മുഖ്യമന്ത്രി നേരിട്ടെത്തണമെന്നും ഗവർണർ പറഞ്ഞു. തൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ബില്ലുകളിൽ തീരുമാനമെടുക്കാമെന്നും അതിന് സുപ്രിം കോടതി വിധി വരെ കാത്ത് നിൽക്കേണ്ട കാര്യമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രിം കോടതിയുടേത് നിരീക്ഷണമാണ്, വിധിയല്ലെന്നും അതിനാൽ പ്രതികരിക്കാനില്ലെന്നും ഗവർണർ പറഞ്ഞു. പറയാനുള്ളത് കോടതിയിൽ പറയും. അധികാര പരിധി കടന്ന് സർക്കാർ ഗവർണറെ ഇരുട്ടിൽ നിർത്തുകയാണ്. ലോട്ടറിയും മദ്യവുമാണ് സർക്കാരിന്റെ പ്രധാന വരുമാന മാർഗം. ലോട്ടറിയിലൂടെ സാധാരണക്കാരെ സർക്കാർ ചൂഷണം ചെയ്യുകയാണെന്നും ഇത് നാണക്കേടുണ്ടാക്കുന്നുവെന്നും ഗവർണർ കൂട്ടിച്ചേർത്തു.