Newsperseconds.com

പ്രകൃതിയെ ചൂഷണം ചെയ്യാന്‍ സര്‍ക്കാറിന്റെ ഒത്താശയോ? ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അവഗണിച്ചതാര്? കേരളത്തില്‍ ഉന്നത സ്വാധീന ശക്തിയില്‍ പെരുകി വരുന്ന പാറമടകളുടെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവെക്കണം; നടപടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്

Quarry

പ്രകൃതിയെ ചൂഷണം ചെയ്യാന്‍ സര്‍ക്കാര്‍ തന്നെ ഒത്താശ ചെയ്ത് പ്രവര്‍ത്തിക്കുന്ന പാറമടകളുടെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ഇടപെടല്‍ നടത്തണമെന്ന് ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. കേരളത്തിലെ അതീവപരിസ്ഥിതി ലോലപ്രദേശങ്ങളില്‍ സര്‍ക്കാര്‍ കണ്ണടച്ച് പാറമടകള്‍ക്ക് അംഗീകാരം നല്‍കുകയാണ്. വയനാട്ടിലെ ദുരന്തത്തില്‍ സര്‍ക്കാരിന് ഒരിക്കലും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആവില്ല. വയനാടും കല്‍പ്പറ്റയിലുമെല്ലാം ഇത്തരത്തിലുള്ള ഒട്ടനവധി അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അനിയന്ത്രിതമായ ഖനനവും മണ്ണെടുക്കലുമെല്ലാമാണ് ഉരുള്‍പൊട്ടല്‍ പോലുള്ള വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നത്. വര്‍ഷം കൂടും തോറും ദുരന്തങ്ങള്‍ കൂടിയിട്ടും പുതിയ ക്വാറികള്‍ക്ക് ആരും തടയിട്ടില്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം പാറമടകളാണ്. മനുഷ്യനിര്‍മ്മിത പ്രകൃതി ദുരന്തങ്ങളാണ് കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി കേരളത്തിലെ ജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഇനിയുമൊരും ചൂരല്‍മലയും മുണ്ടക്കൈയുമെല്ലാം കേരളത്തില്‍ ഉണ്ടാകുമെന്നതില്‍ സംശയമില്ല. ഇത്തരത്തില്‍ വലിയൊരു ദുരന്തത്തിന് കാരണമായത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് പരിശോധിക്കണമെന്നും ആര്‍.സി രാജീവ്ദാസ് വിമര്‍ശിച്ചു. പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും റവന്യൂമന്ത്രിക്കും രേഖാമൂലം നിവേദനം നല്‍കുമെന്നും നടപടി കൈകൊണ്ടില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാരിസ്ത്ഥിക നിയമങ്ങള്‍ കാറ്റില്‍ പറത്തി റവന്യൂ അധികൃതര്‍ അടക്കം കൂട്ടുനിന്നാണ് വയനാട്ടില്‍ പലയിടത്തും നൂറുകണക്കിന് ചെറുതും വലുതുമായ ക്വാറികളാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. പരിസരത്തുള്ള വീടുകള്‍ അപകട ഭീഷണി നേരിട്ടിട്ട് പോലും ഇതൊന്നും വക വെക്കാതെയാണ് ക്വാറികളില്‍ ഖനനം നടക്കുന്നത്. ശക്തമായൊരു മഴ പെയ്താല്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള ഭീഷണി നിലനില്‍ക്കുന്ന പ്രദേശമാണെന്ന് നിരവധി ആളുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടെയാണ് മലയുടെ മുക്കിലും മൂലയിലും കൂണുപോലെ ക്വാറികള്‍ ജനജീവിതത്തിന് ഭീഷണിയായി മാറുന്നത്. ക്വാറികളിലെ അശാസ്ത്രീയമായ ഖനനം പ്രദേശത്തിന് വിള്ളല്‍ ഉണ്ടാക്കുന്നുവെന്ന് പകല്‍ പോലെ വ്യക്തമാണ്. ഇത്ര വലിയ പ്രകൃതി ചൂഷണം ഉണ്ടായിട്ടും വലിയ ദുരന്തം മുന്നില്‍ കണ്ടിട്ടും ആരും പ്രതികരിച്ചില്ല. പ്രതികരിച്ചവരെയെല്ലാം ഒതുക്കുകയും ചെയ്തു. വര്‍ഷം കൂടും തോറും ദുരന്തങ്ങള്‍ കൂടിയിട്ടും പുതിയ ക്വാറികള്‍ക്ക് ആരും തടയിടുന്നില്ല. ക്വാറികളുടെ പ്രകൃതി വിരുദ്ധമായ പ്രവര്‍ത്തനം ഭൂപ്രകൃതിയെ വലിയരീതിയില്‍ ബാധിച്ചിരിക്കുകയാണ്. ക്വാറിയും ഖനനവുമെല്ലാം പരിസ്ഥിതിയെ വിനാശത്തിലേക്ക് നയിക്കുകയാണ്. ക്വാറികളുടെ പ്രവര്‍ത്തനം വയനാടിന്റെ ഭൂപ്രകൃതിയെ തന്നെ മാറ്റിമറിച്ചിട്ടുണ്ട്. അധികാരികള്‍ കാണിക്കുന്ന നിസംഗത വന്‍ ദുരന്തങ്ങളിലേക്കാണ് നാടിനെ നയിക്കുന്നതെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ചൂരല്‍മല അപകടത്തിലാണെന്നും ഉരുള്‍പൊട്ടലും പ്രകൃതിദുരന്തങ്ങളും കാത്തിരിക്കുന്നുണ്ടെന്നും പറഞ്ഞിട്ട് ആരും വകവെച്ചില്ല. വയനാട്ടിലെ മേപ്പാടി മേഖലയിലും ഉരുള്‍പൊട്ടല്‍ സാധ്യത ഉണ്ടെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. 2013 ലാണ് മാധവ് ഗാഡ്ഗില്‍ തന്റെ പഠന റിപ്പോര്‍ട്ടില്‍ വയനാട് മേഖലയിലെ ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ പ്രവചിച്ചിരുന്നത്. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലിന്റെ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ വയനാടും മേപ്പാടിയും ഉള്‍പ്പെട്ടിട്ടുണ്ട്. പശ്ചിമഘട്ടത്തില്‍ ഉടനീളമുള്ള പരിസ്ഥിതി പ്രദേശങ്ങളും മേഖലകളും പ്രത്യേകം തരംതിരിക്കാനായി മാധവ് ഗാഡ്ഗില്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇതുവരെയും അക്കാര്യം നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു. പശ്ചിമഘട്ട മേഖലയുടെ പാരിസ്ഥിതിക സാഹചര്യം വിലയിരുത്തുക, സംരക്ഷണ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക, പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങള്‍ പരിശോധിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ രൂപീകരിച്ച കമ്മിറ്റിയുടെ പേര് വീണ്ടും പരാമര്‍ശിക്കാന്‍ സംസ്ഥാനത്ത് വീണ്ടും ഒരു ദുരന്തം കൂടി ആവര്‍ത്തിക്കേണ്ടി വന്നു. 2011 മുതല്‍ അവഗണിച്ചുകൊണ്ടിരുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നത് പ്രകൃതി ദുരന്തങ്ങള്‍ ഇങ്ങനെ ആവര്‍ത്തിക്കപ്പെടുമ്പോള്‍ മാത്രമാണ്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ലിസ്റ്റില്‍ വയനാടും മേപ്പാടിയും ഉണ്ട്. 2018ലെ മഹാ പ്രളയം മുതല്‍ ഒരോ വര്‍ഷക്കാലവും പ്രളയത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും ഭീഷണികളാണ്. കേരളത്തില്‍ അടിയന്തര നടപടികളുണ്ടായില്ലെങ്കില്‍ ദുരന്തങ്ങളിങ്ങനെ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുമെന്നും ആര്‍.സി രാജീവ്ദാസ് ചൂണ്ടിക്കാട്ടി.

അതേ സമയം, അതീവപരിസ്ഥിതി ലോലപ്രദേശമായ മൂവാറ്റുപുഴയില്‍ യാതൊരു വിധ പരിശോധനയും ലൈസന്‍സുമില്ലാതെ പാറമടകള്‍ വര്‍ദ്ധിക്കുന്നുവെന്ന് പരാതിയുമായി പരിസ്ഥിതി പ്രവര്‍ത്തകനായ അഫ്സല്‍ തൊങ്ങനാല്‍ ഇതിനോടകം തന്നെ രംഗത്ത് വന്നിരുന്നു. പ്രദേശത്ത് മുഴുവന്‍ ഭീതി പടര്‍ത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് നടന്നുക്കൊണ്ടിരിക്കുന്നത്. പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മൂവാറ്റുപുഴ സ്വദേശിയായ അഫ്സല്‍ പരാതി നല്‍കിയിരുന്നത്. നിയമങ്ങള്‍ ഒന്നും പാലിക്കാതെയാണ് പാറമടയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകരോ അധികാരികളോ ഇതിനെതിരെ പ്രതികരിക്കുന്നില്ലെന്നും വ്യക്തമാക്കി അഫ്‌സല്‍ രംഗത്ത് എത്തിയെങ്കിലും കാര്യമായ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചില്ല. ജില്ലയുടെ മുക്കുംമൂലയും തുരന്ന് അനധികൃത പാറമടകള്‍ യഥേഷ്ടം പ്രവര്‍ത്തിക്കുമ്പോഴും അധികൃതര്‍ കണ്ണടച്ച് ഇരിക്കുകയാണ്. വലിയ ഇലക്ട്രിക് മോട്ടോറുകള്‍ ഉപയോഗിച്ച് വന്‍തോതിലുളള ഖനനമാണ് ഇവിടങ്ങളില്‍ നടക്കുന്നത്. മുല്ലപെരിയാര്‍ ഡാമിനോട് അടുത്താണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. അനധികൃത ക്വാറികള്‍ക്കെതിരെ പലയിടങ്ങളിലും നാട്ടുകാര്‍ പരാതികളും പ്രതിഷേധങ്ങളുമായി രംഗത്തുണ്ടെങ്കിലും അധികൃതര്‍ യാതൊരു നടപടിയുമെടുക്കുന്നില്ലെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

നിരന്തരമായ ഖനനം മൂലം പ്രദേശത്തെ ജനങ്ങളില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്നത്? ഉന്നത സ്വാധീന ശക്തിയോടെ പ്രകൃതിയെ തുരന്നെടുക്കുകയാണ്. എന്ത് കൊണ്ടാണ് അധികൃതര്‍ ഇത്തരത്തിലുള്ള നിയമലംഘനമുണ്ടായിട്ടും നടപടിയെടുക്കാത്തതെന്ന ചോദ്യത്തിന് പലര്‍ക്കും ഉത്തരമില്ല. പരാതികള്‍ കുന്നുകൂടിയിട്ടും ഒരു വിഭാഗം ചെറുത്ത് നില്‍പ്പ് തുടര്‍ന്നിട്ടും പാറമടകളുടെ പ്രവര്‍ത്തനം സുഖമമായി തുടരുകയാണ്. വയനാടിനെ ചേര്‍ത്തു പിടിക്കേണ്ടത് ഇനി പ്രകൃതി സംരക്ഷണത്തിലൂടെയാണ്. അടിയന്തരമായി സര്‍ക്കാര്‍ നടപടികള്‍ മുന്നോട്ട് പോയില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും ആര്‍.സി രാജീവ്ദാസ് ഓര്‍മ്മിപ്പിച്ചു.

Share this Article

Leave a Comment