Newsperseconds.com

‘ഉരുള്‍പൊട്ടലില്‍ വീട് പോയി, കൊച്ചുമകളുടെ കല്യാണമാണ്, കൈവിടരുത് സാറേ…’; ദുരിതാശ്വാസ ക്യാമ്പിലെത്തിയ രാഹുല്‍ഗാന്ധിക്ക് മുമ്പില്‍ നെഞ്ച് പൊട്ടി നബീസ

Capture

മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അതിജീവിച്ച മനുഷ്യരെ കാണാന്‍ രാഹുല്‍ഗാന്ധിയും പ്രിയങ്കയുമെത്തി. പ്രിയപ്പെട്ടവര് നഷ്ടപ്പെട്ട വേദനകള്‍ തളം കെട്ടി നില്‍ക്കുന്ന ആശപത്രി വരാന്തയിലൂടെ നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി തികച്ചും മൗനത്തിലായിരുന്നു. എല്ലാം നഷ്ടപ്പെട്ടതിന്റെ ദൈന്യം മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നവരുടെ മുഖത്ത്. സമയ പരിധി ഉണ്ടായിരുന്നെങ്കിലും രാഹുല്‍ ഗാന്ധി അവിടെ ഉണ്ടായിരുന്ന എല്ലാവരേയും സന്ദര്‍ശിച്ചു. ഉറ്റവര്‍ നഷ്ടപ്പെട്ടകാര്യം പറഞ്ഞുതുടങ്ങിയപ്പോഴേക്കും പലരും വിതുമ്പിപ്പോയി. സംഭാഷണം മുഴുവിപ്പിക്കാനായില്ല.

‘ഉരുള്‍പൊട്ടലില്‍ വീട് പോയി, കൊച്ചുമകളുടെ കല്യാണം നടക്കാനിരിക്കുകയാണ്, കൈവിടരുത് സാറേ…’ എന്നായിരുന്നു ദുരിതാശ്വാസ ക്യാമ്പിലെത്തിയ രാഹുല്‍ ഗാന്ധിയോട് നബീസക്ക് പറയാനുണ്ടായത്. പ്രയാസങ്ങള്‍ കേട്ട രാഹുല്‍ഗാന്ധി, വീട് വച്ച് തരാം എന്ന് നബീസയ്ക്കും കുടുംബത്തിനും വാക്ക് നല്‍കി. മേപ്പാടി സെന്റ.് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന നബീസയ്ക്കും കുടുംബത്തിനുമാണ് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കിയത്.

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുമ്പോഴാണ് രാഹുല്‍ഗാന്ധി എം.പിയോട് നബീസയടക്കമുള്ള നിരവധി പേര്‍ സങ്കടം പറഞ്ഞത്. ഇവര്‍ക്ക് പറയാനുള്ളത് കേട്ട രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളുടെ സംഘവും ആശ്വാസമേകി. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രിയങ്ക ഗാന്ധിയും ടി. സിദ്ധീഖ് എം.എല്‍.എയുമുണ്ടായിരുന്നു. കൊച്ചുമകളുടെ വിവാഹം നടക്കാനിരിക്കുകയാണ് എന്ന് പറഞ്ഞപ്പോള്‍ അതും നടത്തിത്തരാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉറപ്പ് നല്‍കി. ‘വീട് വരും, സേഫ് ആയ സ്ഥലത്ത് വീട് വച്ചുതരും. വിവാഹവും നടത്തിത്തരും. ഒന്നും പേടിക്കേണ്ട’- സതീശന്‍ പറഞ്ഞു.

Share this Article

Leave a Comment