Newsperseconds.com

വയനാട് ദുരന്തത്തില്‍ ഇരയായവര്‍ക്കായി മാതൃക പുനരധിവാസ കേന്ദ്രം സൃഷ്ടിക്കുക സര്‍ക്കാര്‍ ലക്ഷ്യം; രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച ആര്‍ക്കിടെക്റ്റുകളുടെ സേവനം പ്രയോജനപ്പെടുത്തും

Homes

വയനാട് ദുരന്തത്തില്‍ ഇരയായവര്‍ക്കായി മാതൃക പുനരധിവാസ കേന്ദ്രം സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച ആര്‍ക്കിടെക്റ്റുകളുടെ സേവനവും പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വയനാട് ദുരന്തത്തില്‍ കാണാതായവരെ മുഴുവന്‍ കണ്ടെത്താനുള്ള ശ്രമം തുടരും. തിരച്ചിലിലും രക്ഷാപ്രവര്‍ത്തനത്തിലും മികച്ച പ്രവര്‍ത്തനം നടത്തുന്ന ഇന്ത്യന്‍ സായുധ സേനകളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡി.എന്‍.എ പരിശോധന നടത്തി ഐഡന്റിറ്റി സ്ഥിരീകരിക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തുകയാണ്. പുതിയ ക്രിമിനല്‍ നിയമ സംഹിതയുടെ വെളിച്ചത്തില്‍ ഡി.എന്‍.എ പരിശോധന സ്വകാര്യ ലാബുകളിലും ചെയ്യാനാകുമോ എന്ന് പരിശോധിക്കും.

ചാലിയാര്‍ നദിയുടെ ഇരുകരകളിലും, വനമേഖലയിലും തിരച്ചിലും, രക്ഷാ പ്രവര്‍ത്തനങ്ങളും ശക്തമാക്കാനും ഇന്ത്യന്‍ നേവി, ഇന്ത്യന്‍കോസ്റ്റ് ഗാര്‍ഡ് എന്നിവരുമായി ചര്‍ച്ച ചെയ്ത് മൃതദേഹങ്ങള്‍ കടലില്‍ ഒഴുകിയെത്തിയിട്ടുണ്ടോയെന്ന് നിരീക്ഷിക്കാനും മന്ത്രിസഭാ ഉപസമിതി യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും മറവ് ചെയ്യുന്നതിന് കൂടുതല്‍ സ്ഥലം ദുരന്ത നിവാരണ നിയമ പ്രകാരം ഏറ്റെടുക്കാന്‍ വയനാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.
ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ച, തകര്‍ന്നുവീഴാന്‍ സാധ്യതയുള്ള കെട്ടിടങ്ങള്‍ കണ്ടെത്തുകയും, ദുരന്തനിവാരണ നിയമം 2005 പ്രകാരം ഉടമകളുടെ സമ്മതമില്ലാതെ തന്നെ ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റല്‍ സാധ്യമാണോയെന്ന് പരിശോധിക്കുകയും ചെയ്യും. തകര്‍ന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തുന്നുണ്ട്. പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വിവരങ്ങള്‍ വിദഗ്ധര്‍ പരിശോധിച്ച് തീരുമാനിക്കും. മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പൊട്ടല്‍ നേരിട്ട് ബാധിച്ച 10, 11, 12 വാര്‍ഡുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ഇവിടെ തൊഴിലുറപ്പ് പദ്ധതിയിലൂടെ 180 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം മുതല്‍ ഉരുള്‍ജലപ്രവാഹത്തിന്റെ വഴികളിലൂടെയുള്ള ഊര്‍ജിതമായ തെരച്ചിലും നിരീക്ഷണവും തുടരുകയാണ്. ചൂരല്‍മല ഭാഗത്ത് 9 ക്യാമ്പുകളിലായി 1381 പേര്‍ കഴിയുന്നു. സ്‌കൂള്‍ കെട്ടിടങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്നവരെ മാറ്റിപ്പാര്‍പ്പിക്കുമ്പോള്‍ ആവശ്യമായ സൗകര്യം ഉറപ്പാക്കും. ദുരന്തബാധിത മേഖലകളിലെ വീടുകളില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായി വീണ്ടെടുക്കാന്‍ സാധിക്കുമെങ്കില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ഇതിന് അവസരം ഒരുക്കും. ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളിലേക്ക് ആവശ്യമായ സന്നദ്ധപ്രവര്‍ത്തകരും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമേ പോകുന്നുള്ളൂ എന്ന് പൊലീസ് ഉറപ്പാക്കും. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും തിരച്ചിലിലും രക്ഷാപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്കും, സന്നദ്ധപ്രവര്‍ത്തകര്‍ക്കും നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീമിന്റെ (ഐ.എം.സി.ടി) സന്ദര്‍ശനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ റിലീഫ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Share this Article

Leave a Comment