ആലപ്പുഴ: തകഴി കുന്നുമ്മയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുക. കുഞ്ഞിനെ തകഴി കുന്നുമ്മയില്‍ മുട്ടിച്ചിറ കോളനിയിലെ പാടശേഖരത്തോട് ചേര്‍ന്ന് കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. കേസിലെ രണ്ടാം പ്രതിയായ യുവതിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായ യുവാവിന്റെ സുഹൃത്തിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
കുഞ്ഞിനെ കൊലപ്പെടുത്തിയിട്ടില്ലെന്നാണ് യുവതിയുടെ ആണ്‍ സുഹ്യത്ത് അന്വേഷണ ഉദ്യോഗസ്ഥരോട് ആവര്‍ത്തിക്കുന്നത്. ഈ മാസം ആറിനാണ് യുവതി പ്രസവിച്ചത്. 7 നാണ് കുഞ്ഞിനെ കുഴിച്ചുമൂടിയത്. കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാനാണ് ആണ്‍ സുഹൃത്തിനോട് പറഞ്ഞതെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ മാത്രമേ കുഞ്ഞ് കൊല്ലപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
അതേ സമയം, വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡോക്ടറാണ് പോലീസിനെ വിവരമറിയിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ചികിത്സ തേടിയെത്തിയത്. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രമേ ചികിത്സ നല്‍കാനാകൂ എന്നറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിയതോടെയാണ് യുവതിയുടെ പ്രസവം നടന്ന വിവരം പുറത്തറിയുന്നത്. കുഞ്ഞിനെ ആണ്‍സുഹൃത്തിനെ ഏല്‍പ്പിച്ചെന്നുമാണ് യുവതി പറഞ്ഞത്.