Newsperseconds.com

സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവം; പ്രധാന്യാപികയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Untitled design (2)

വയനാട് ചിറ്റാരിക്കൽ ദളിത് വിദ്യാർത്ഥിയുടെ മുടി സ്കൂൾ അസംബ്ലിയിൽ വച്ച് മുറിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന്യാപികയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഇന്ന് പരിഗണിക്കാനിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം പത്തിലേക്കാണ് മാറ്റിവച്ചത്. ഈ മാസം പത്തിന് കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയായിരിക്കും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക. കഴിഞ്ഞമാസം 19നാണ് ചിറ്റാരിക്കൽ കോട്ടമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ യുപി സ്കൂളിൽ മുടി വെട്ടാതെ ക്ലാസിലെത്തിയ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ദളിത് ആൺകുട്ടിയുടെ മുടി അസംബ്ലിയിൽ വച്ച് അധ്യാപിക മുറിച്ചതായി പരാതി ഉയർന്നത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

സംഭവത്തിനുശേഷം നാണക്കേട് കൊണ്ട് സ്കൂളില്‍ പോയിട്ടില്ലെന്നും അ കുട്ടി പറഞ്ഞിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ പ്രധാന അധ്യാപിക ഷേർളിക്കെതിരെ പട്ടികജാതി / പട്ടിക വർഗ അതിക്രമം തടയൽ, ബാലാവകാശ നിയമപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ചിറ്റാരിക്കൽ പൊലീസാണ് ആദ്യം കേസെടുത്തത്. പിന്നീട് സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പി സതീഷ് കുമാറിന് കേസ് കൈമാറുകയായിരുന്നു.

Share this Article

Leave a Comment