Newsperseconds.com

പാര്‍ക്കിങ് സംവിധാനം ഒരുക്കല്‍; കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ ഉപാധികളോടെ ഇളവ്

Mb Rajesh

കെട്ടിടനിര്‍മ്മാണം നടക്കുന്ന പ്ലോട്ടില്‍ തന്നെ ആവശ്യമായ പാര്‍ക്കിംഗ് സംവിധാനം ഒരുക്കണം എന്ന കെട്ടിടനിര്‍മാണ ചട്ടത്തിലെ വ്യവസ്ഥയില്‍ ഇളവ് വരുത്തുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരളം പോലെ ഭൂമി ലഭ്യത കുറഞ്ഞ സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വ്യവസ്ഥ തടസം സൃഷ്ടിക്കുന്നുവെന്ന വര്‍ഷങ്ങളായുള്ള പരാതികളെത്തുടര്‍ന്നാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന പരിഷ്‌കരണ നടപടികള്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു മന്ത്രി.

കെട്ടിടം നിര്‍മിക്കുന്ന വ്യക്തിയുടെ പേരിലുള്ള സമീപ പ്ലോട്ടില്‍ കൂടി പാര്‍ക്കിംഗ് സംവിധാനം അനുവദിക്കുന്നതിനാണ് നടപടി സ്വീകരിട്ടത്. 25 ശതമാനം പാര്‍ക്കിംഗ് എങ്കിലും നിര്‍മ്മാണം നടക്കുന്ന പ്ലോട്ടിലും ബാക്കി 75 ശതമാനം വരെ സമീപ പ്ലോട്ടിലും പാര്‍ക്കിംഗ് ആകാം. ഭൂമി ഉടമസ്ഥന്റെ പേരിലായിരിക്കണം, നിര്‍മാണ നടക്കുന്ന പ്ലോട്ടിന്റെ 200 മീറ്റര്‍ ദൂരത്തിനുള്ളിലാകണം, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പോകാനും വരാനും സൗകര്യമുണ്ടായിരിക്കണം, പാര്‍ക്കിങ്ങിന് ഉപയോഗിക്കുന്ന തൊട്ടടുത്ത ഭൂമി മറ്റ് നിര്‍മാണ പ്രവര്‍ത്തനത്തിന് ഉപയോഗിക്കില്ല, മറ്റാര്‍ക്കും കൈമാറില്ല എന്ന് ഉടമയും തദ്ദേശസ്ഥാപന സെക്രട്ടറിയും കരാറില്‍ ഏര്‍പ്പെടണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഇളവ് നടപ്പിലാക്കുന്നത്. നിര്‍മാണ രംഗത്ത് ഈ തീരുമാനം വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്റ്റേക്ക് ഹോള്‍ഡേഴ്‌സും നിര്‍ദേശിച്ച നൂറുകണക്കിന് പരിഷ്‌കരണ നടപടികള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് മാത്രം 106 ചട്ടങ്ങളിലായി 351 ഭേദഗതി നിര്‍ദേശങ്ങളാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. ബൃഹത്തായ പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ നിശ്ചയിച്ച പരിഷ്‌കരണ നടപടികള്‍ക്ക് ആവശ്യമായ ഉത്തരവുകള്‍ക്കുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. നിയമഭേദഗതി ഉള്‍പ്പെടെയുള്ള നടപടികള്‍ സമീപ ദിവസങ്ങളില്‍ ആരംഭിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സ്‌കൂള്‍/കോളജ് ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ക്ക് ഫ്‌ളോര്‍ ഏരിയ അനുസരിച്ചുള്ള കാര്‍ പാര്‍ക്കിംഗ് സൗകര്യം നിലവില്‍ ആവശ്യമാണ്. ഈ പാര്‍ക്കിംഗ് നിബന്ധന ലഘൂകരിക്കും. നിലവിലുള്ള കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രകാരം ഒരു പ്ലോട്ടിന്റെ അളവില്‍ ഏതെങ്കിലും കാരണത്താല്‍ വ്യത്യാസം വന്നാല്‍ (ഉദാ. വില്‍പ്പന, ദാനം, റോഡിന് വിട്ടുനല്‍കല്‍, ഭൂമി അധികമായി ആര്‍ജിക്കല്‍…) അനുവദിച്ച പെര്‍മിറ്റ് റദ്ദാകുന്ന സ്ഥിതിയുണ്ട്. കെട്ടിട നിര്‍മാണത്തിന് മറ്റ് വിധത്തില്‍ ചട്ടലംഘനങ്ങള്‍ വരാത്തവര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ പ്ലോട്ട് ഏരിയയില്‍ കുറവോ കൂടുതലോ വന്നതിനു ശേഷവും ചട്ടലംഘനം ഇല്ലാത്ത പക്ഷം പെര്‍മിറ്റ് നിലനില്‍ക്കുന്ന നിലയില്‍ ചട്ടങ്ങളില്‍ മാറ്റം കൊണ്ടുവരും. നിലവില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ കാലാവധി 5 വര്‍ഷമാണ്. അടുത്ത 5 വര്‍ഷത്തേക്ക് കൂടി പെര്‍മിറ്റ് നീട്ടുന്നതിന് നിലവില്‍ വ്യവസ്ഥയുണ്ട്. പിന്നീടും പെര്‍മിറ്റ് കാലാവധി നീട്ടേണ്ടി വരികയാണെങ്കില്‍ സങ്കീര്‍ണമായ നടപടികള്‍ ആവശ്യമാണ്. അതിനാല്‍ പ്രവൃത്തിയുടെ ആവശ്യമനുസരിച്ച് പരമാവധി 5 വര്‍ഷത്തേക്ക് കൂടി (മൊത്തം 15 വര്‍ഷം) ലളിതമായ നടപടികളിലൂടെ പെര്‍മിറ്റ് കാലാവധി നീട്ടുന്നതിന് സൗകര്യം ഒരുക്കും.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ഡെവലപ്മെന്റ് പെര്‍മിറ്റ് എടുക്കാതെ സ്ഥലം ചെറിയ പ്ലോട്ടുകളായി വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്ലോട്ട് ഉടമസ്ഥര്‍ക്ക് ലഭിക്കേണ്ട പൊതുസൗകര്യങ്ങള്‍ ഇതുവഴി നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ഈ പശ്ചാത്തലത്തില്‍ ചെറു പ്ലോട്ടുകളുടെ ഉടമകള്‍ക്ക് പെര്‍മിറ്റ് നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. റിയല്‍ എസ്റ്റേറ്റ് ഡവലപ്പറുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മൂലം ചെറു പ്ലോട്ടുകളുടെ ഉടമസ്ഥര്‍ക്ക് പെര്‍മിറ്റ് കിട്ടാത്ത സാഹചര്യം ഒഴിവാക്കികൊണ്ടും, നിയമലംഘനം നടത്തിയവര്‍ക്കെതിരെ നടപടി ഉറപ്പാക്കുന്ന തരത്തിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്യും. നിലവില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് അപേക്ഷകള്‍ നിരസിക്കപ്പെട്ടാല്‍ അപ്പീല്‍ നല്‍കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ട്രൈബ്യൂണലിലാണ്. ഇത് തിരുവനന്തപുരത്ത് മാത്രമാണുള്ളത്. പൊതുജനങ്ങള്‍ക്ക് സഹായകരമായ നിലയില്‍ ജില്ലാതല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒന്നാം അപ്പലെറ്റ് അതോറിറ്റി സംവിധാനം ഏര്‍പ്പെടുത്തും.

ടര്‍ഫുകളെ നിലവില്‍ അസംബ്ലി ഒക്കുപ്പന്‍സിയിലാണ് പരിഗണിക്കുന്നത്. അതായത് ഓഡിറ്റോറിയത്തിന് തുല്യമായ പാര്‍ക്കിംഗ് സംവിധാനം വേണം. ഗാലറി ഇല്ലാത്ത ടര്‍ഫുകള്‍ക്ക് ഇത്രയും പാര്‍ക്കിംഗ് ആവശ്യമില്ല. അതിനാല്‍ ഇത്തരം ടര്‍ഫുകള്‍ക്ക് പാര്‍ക്കിംഗ് കാര്യത്തില്‍ ഇളവ് നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന വ്യാപാര-വാണിജ്യ-വ്യവസായ-സേവന ലൈസന്‍സ് ഫീസ് കണക്കാക്കുന്നതിനുള്ള സ്ലാബുകള്‍ പരിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ സ്ലാബുകള്‍ കൊണ്ടുവരും. ഇതോടെ വ്യാപാരി-വ്യവസായി മേഖലയില്‍ നിന്നുള്ള സംഘടനകളുടെ ദീര്‍ഘകാലത്തെ ആവശ്യത്തിനാണ് പരിഹാരം കാണുന്നത്. കൂടാതെ നഗരസഭകളില്‍ നിന്നും വ്യാപാര ലൈസന്‍സ് എടുക്കാന്‍ വൈകിയാല്‍ ചുമത്തുന്ന പിഴയില്‍ കുറവു വരുത്തും. നിലവില്‍ യഥാര്‍ഥ ലൈസന്‍സ് ഫീസിന്റെ മൂന്നും നാലും ഇരട്ടിവരെ പിഴ വരുന്ന സാഹചര്യമുണ്ട്. നിയമലംഘനമില്ലാത്ത കേസുകളില്‍ പരമാവധി ഇത്ര ശതമാനം എന്ന് നിശ്ചയിച്ച് ലഘൂകരിക്കും. വീടുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യവസായ-ഉദ്പാദക-വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ലഭിക്കുന്ന തരത്തില്‍ ലൈസന്‍സ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യും.

ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനസൗഹൃദവും കാര്യക്ഷമവുമാക്കും. വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവിന് അനുസരിച്ചുമാത്രം യൂസര്‍ഫീസ് നിശ്ചയിച്ച് നല്‍കും. ചില നഗരസഭകളില്‍ എല്ലാ കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ഒരേ ഫീസ് വാങ്ങുന്നുവെന്ന പരാതി പരിഗണിച്ചാണ് നടപടി. വാങ്ങാവുന്ന പരമാവധി ഫീസ് സര്‍ക്കാര്‍ നിശ്ചയിച്ചുനല്‍കും. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ആഴ്ചയിലൊരിക്കല്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഹരിതകര്‍മ്മസേന ശേഖരിക്കുന്ന വിവിധ തരം ഖര മാലിന്യങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കും. നിശ്ചിത യൂസര്‍ഫീക്കകത്ത് പ്ലാസ്റ്റിക് മാത്രമല്ല, കലണ്ടര്‍ പ്രകാരമുള്ള മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. സാധാരണ നിലയിലുള്ള ശേഖരണത്തിനാണ് ഇത് ബാധകമാവുക. വിവിധ തരം മാലിന്യങ്ങള്‍ക്ക് ഈടാക്കുന്ന തുകയിലെ അന്തരം കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കലണ്ടര്‍ പ്രകാരമല്ലാതെ, ഉപഭോക്താവിന്റെ പ്രത്യേക ആവശ്യപ്രകാരം അജൈവ മാലിന്യം ശേഖരിക്കുന്നുണ്ടെങ്കില്‍ അധിക ഫീസ് ഈടാക്കാം.

തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് സമയബന്ധിതമായി സേവനം ഉറപ്പാക്കാനും അഴിമതി പൂര്‍ണമായി തടയാനും ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ പൊതുജനങ്ങള്‍ക്ക് തത്സമയം പരാതി നല്‍കുന്നതിനും പ്രശ്‌നപരിഹാരം തേടുന്നതിനുമായി കോള്‍ സെന്ററും വാട്സപ്പ് നമ്പറും ഏര്‍പ്പെടുത്തും. ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സമയബന്ധിതമായ തുടര്‍നടപടി ഉറപ്പാക്കും.
തദ്ദേശസ്വയംഭരണ വകുപ്പിന്റെ പുതുക്കിയ സേവനാവകാശ നിയമം വിജ്ഞാപനം ചെയ്തിട്ടുണ്ട്. പ്രായോഗികവും ജനോപകാരപ്രദവുമായ നിരവധി നിര്‍ദേശങ്ങള്‍ ഇതിലുണ്ട്. ഉദാ. വാലിഡായ ലൈസന്‍സ് സ്‌പോട്ടില്‍ പുതുക്കുന്നതിന് ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ പലപ്പോഴും ഇത് നടന്നിരുന്നില്ല. പുതുക്കിയ വിജ്ഞാപനത്തില്‍ അന്നേ ദിവസം തന്നെ ലൈസന്‍സ് പുതുക്കി നല്‍കണമെന്ന വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. ചെയ്തുകൊടുത്തില്ലെങ്കില്‍ അപ്പീല്‍ നല്‍കാനും ശിക്ഷ നല്‍കാനുമുള്ള വ്യവസ്ഥയുമുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ മഹാഭൂരിപക്ഷവും ഓണ്‍ലൈനിലാണെങ്കിലും അപേക്ഷ നല്‍കുന്നവരെ നേരിട്ട് വിളിച്ചുവരുത്തുന്ന സ്ഥിതി പലയിടത്തുമുണ്ട്. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അപേക്ഷിച്ചവരെ കൃത്യമായ കാരണമില്ലാതെ വിളിച്ചുവരുത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കും. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ സേവനം ഓണ്‍ലൈനില്‍ തന്നെ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കും. ഓരോ അപേക്ഷയും സമര്‍പ്പിക്കുന്ന സമയത്തുതന്നെ ആവശ്യമായ രേഖകളുടെ ചെക്ക് ലിസ്റ്റ് കൈമാറുകയും രേഖകളെല്ലാമുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഓണ്‍ലൈനിലും ഓഫ്ലൈനിലും ഈ സൗകര്യം ഉറപ്പാക്കും. പുതിയ സേവനാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചെക്ക് ലിസ്റ്റ് കാലികമായി പുതുക്കും. പൂര്‍ണമായ അപേക്ഷകളില്‍ സേവനാവകാശ നിയമപ്രകാരം പരിഹാരം/സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന തീയതി കൈപ്പറ്റ് റസീതിനൊപ്പം അപേക്ഷകന് നല്‍കും. പുതിയ രേഖകള്‍ ആവശ്യമായി വന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അപേക്ഷകനോട് രേഖാമൂലം കാരണം വിശദീകരിച്ച് ആവശ്യപ്പെടണം.

Share this Article

Leave a Comment