കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ പുഞ്ചിരിമട്ടത്ത് ശേഷിക്കുന്ന വീടുകളിലെ താമസം സുരക്ഷിതമല്ലെന്ന് ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി. എന്നാല്‍ ചൂരല്‍മല ഭാഗത്തെ ഭൂരിഭാഗം സ്ഥലങ്ങളും താമസ യോഗ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്ത മേഖലയായ പുഞ്ചിരിമട്ടത്ത് പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പുഞ്ചിരിമട്ടത്ത് പുഴയോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ വീടുകള്‍ വെക്കാന്‍ കഴിയില്ല. എന്നാല്‍ ഇവിടെ ഇനി നിര്‍മാണ പ്രവര്‍ത്തനം നടത്തണോ എന്നത് സര്‍ക്കാര്‍ നയപരമായി തീരുമാനം എടുക്കേണ്ട വിഷയമാണ്. സുരക്ഷിത സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കും. പത്ത് ദിവസത്തിനകം പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കും. ഉരുള്‍പൊട്ടല്‍ മേഖലയില്‍ ഉണ്ടായത് ശക്തമായ മഴയായിരുന്നു. മൂന്ന് ദിവസം കൊണ്ടു 570 മില്ലി മീറ്റര്‍ മഴയുണ്ടായെന്നു വിദഗ്ധ സംഘം വ്യക്തമാക്കി. പുഞ്ചിരിമട്ടം മുതല്‍ ചൂരല്‍മല വരെ സംഘം പരിശോധന നടത്തി.