തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരവും, 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഇന്ന് തന്നെയാണ് നടക്കുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വൈകിട്ട് മൂന്ന് മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പ്രഖ്യാപിക്കും. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. പ്രിയനന്ദനന്, അഴകപ്പന്‍ എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷന്മാര്. ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന് എന്‍എസ് മാധവന് എന്നിവര്‍ ജൂറി അംഗങ്ങളായും ഉണ്ട്. 2023ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്.
ഇതു വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്കാരത്തില്‍ മമ്മൂട്ടിയും കന്നഡ താരം ഋഷഭ് ഷെട്ടിയുമാണ് അവസാന റൗണ്ടില്‍. ‘നന്‍പകല്‍ നേരത്ത് മയക്കം’, ‘റോഷാക്ക്’ എന്നീ ചിത്രങ്ങളിലെ മികവിന് മമ്മൂട്ടിയും ‘കാന്താര’യിലെ പ്രകടനത്തിന് ഋഷഭ് ഷെട്ടിയും മത്സരിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
മമ്മൂട്ടിയുടെ ‘ഭ്രമയുഗം’, ‘കാതല്‍’, പൃഥ്വിരാജിന്റെ ‘ആട് ജീവിതം’, ‘ഉള്ളൊഴുക്ക്’, 2018, ‘ഫാലിമി’ തുടങ്ങീ നാല്‍പ്പതോളം സിനിമകള്‍ ചലച്ചിത്ര പുരസ്കാരത്തിനുള്ള അന്തിമ റൗണ്ടില്‍ ഉണ്ട്. കടുത്ത മത്സരമാണ് ഇക്കുറി മികച്ച നടനുള്ള പുരസ്കാരത്തിന്. ‘കാതലി’ലെ മാത്യുവിനെ അവതരിപ്പിച്ച മമ്മൂട്ടിയോ അതോ ‘ആടുജീവിത’ത്തിലെ നജീബായി മാറിയ പൃഥ്വിരാജോ ആണോ മികച്ച നടന് എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമ പ്രേമികള്‍. ടൊവിനോ തോമസിന്റെ ‘അദൃശ്യ ജാലകങ്ങളും’ ജൂറിയുടെ അഭിപ്രായം നേടുന്നുണ്ട്.