കൊച്ചി: അവയവക്കടത്ത് കേസില്‍ എന്‍. ഐ. എ അന്വേഷണം കേരളത്തിലെ സ്വാകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്താനും തീരുമാനം. കേരളത്തിലെ ചില ആശുപത്രികള്‍ രോഗികളുടെ വിവരങ്ങള്‍ അവയവക്കച്ചവട റാക്കറ്റിന് നല്‍കിയിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ അന്വേഷണം. കൊച്ചി എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തൃശ്ശൂര്‍ സ്വദേശി സാബിത്ത് നാസര്‍, പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം, വിജയവാഡ സ്വദേശി ബെല്ലം ഗൊണ്ട രാമപ്രസാദ്, എറണാകുളം സ്വദേശി മധു എന്നിവരെ പ്രതികളാക്കിയാണ് കൊച്ചി എന്‍.ഐ.എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രതി മധുവിനായുള്ള അന്വേഷണം തുടരുകയാണെന്നും മനുഷ്യക്കടത്ത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് അവയവ ദാനത്തിനായി നിരവധിപേരെ വിദേശത്തേക്ക് കടത്തിയതായാണ് സംശയിക്കുന്നത്. ഇവരെ കേസിലെ സാക്ഷികളാക്കാനുള്ള ശ്രമമാണ് എന്‍.ഐ.എ നടത്തുന്നത്. ഇക്കഴിഞ്ഞ മേയില്‍ എമിഗ്രേഷന്‍ അധികൃതര്‍ കൊച്ചി വിമാനത്താവളത്തില്‍ വെച്ച് സാബിത്തിനെ തടഞ്ഞതിനെ തുടര്‍ന്നാണ് റാക്കറ്റിനെ കുറിച്ച് വിവരങ്ങല്‍ പുറത്തുവന്നത്. അന്താരാഷ്ട്ര ബന്ധങ്ങള്‍ കണക്കിലെടുത്താണ് എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തത്.