തിരുവനന്തപുരം: മുണ്ടക്കൈ ദുരിതബാധിതരുടെ മുഴുവന്‍ വായ്പകളും എഴുതിത്തള്ളാന്‍ ബാങ്കുകള്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഹതഭാഗ്യരെടുത്ത വായ്പകള്‍ ഓരോ ബാങ്കുകള്‍ ആകെ കൊടുത്ത വായ്പയുടെ ചെറിയ ഭാഗം മാത്രമാണ്. ദുരന്തമുണ്ടായത് ചെറിയ ഭൂപ്രദേശത്താണ്. അവിടെയുള്ളവരുടെ വായ്പയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. അവര്‍ക്ക് ഇപ്പോള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അതില്‍ മാതൃകാപരമായ നടപടിയുണ്ടാകേണ്ടതാണ്. വായ്പ എഴുതി തള്ളിയ കേരള ബാങ്കിന്റെ തീരുമാനം എല്ലാവരും മാതൃകയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കേഴ്സ് സമിതിയുടെ പ്രത്യേക യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
സാധാരണ ബാങ്കുകള്‍ സ്വീകരിക്കുന്ന കടത്തിന്റെ അവധി നീട്ടി കൊടുക്കലോ, പലിശയില്‍ ഇളവ് കൊടുക്കലോ ഒന്നും പരിഹാരമാകില്ല. ഇവിടെ വായ്പ എടുത്തവര്‍ പലരും ഇല്ലാതായി. ആ ഭൂമിയില്‍ ഇനി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ചെയ്യാന്‍ കഴിയുന്നത് ആ ഭൂമിയിലെ വായ്പ എഴുതി തള്ളുക എന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണ ബാങ്കുകള്‍ സ്വീകരിക്കുന്ന നിലപാട് സര്‍ക്കാര്‍ നല്‍കുക എന്നതാണ്. എന്നാല്‍ ഇതില്‍ ആ നില ബാങ്കുകള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. നിങ്ങളുടെ ബാങ്കുകളുടെ കൂട്ടത്തില്‍ താങ്ങാനാവാത്തതല്ല ആ വായ്പകള്‍. ഏതൊരു ബാങ്കിനും താങ്ങാവുന്ന തുകയേ അതാകുന്നൂള്ളൂ. ഇതില്‍ മാതൃകാപരമായ നിലപാട് കേരള കോപ്പറേറ്റീവ് ബാങ്ക് എടുത്തിട്ടുണ്ട്. ഏതെല്ലാം തലത്തിലാണോ അനുമതി വാങ്ങേണ്ടത് അതെല്ലാം ചെയ്ത് കടം പൂര്‍ണമായി എഴുതിത്തള്ളുന്ന നിലപാട് ഓരോ ബാങ്കും സ്വീകരിക്കണം. ബാങ്കുകള്‍ക്ക് അതു ചെറിയ ബാധ്യത മാത്രമേ വരുന്നുള്ളൂവെന്നും എസ്എല്‍ബിസി യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.