Newsperseconds.com

‘രാത്രി കാലങ്ങളില്‍ മുറികളില്‍ മുട്ടിവിളിക്കും, വാതില്‍ തുറന്നില്ലെങ്കില്‍ ശക്തമായി ഇടിക്കും; വഴങ്ങാത്തവരെ പ്രശ്നക്കാരായി മുദ്രകുത്തും; ആലിംഗന രംഗം 17 വട്ടം വരെ എടുപ്പിച്ചു; സൂപ്പര്‍ താരങ്ങളുടെ മുഖംമൂടി അഴിയുന്നു; മലയാള സിനിമ ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങളുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്

Untitled 1

മലയാള സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കുമൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന സത്യങ്ങളാണുള്ളത്. സിനിമാമേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മ്മാതാക്കളും നിര്‍ബന്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സിനിമ മേഖലയിലുള്ളത് വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളെന്നും ഇത് സ്ത്രീകള്‍ക്ക് വലിയ കുഴപ്പങ്ങളുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

മലയാള ചലച്ചിത്ര വ്യവസായം പുരുഷന്മാരായ ചില നിര്‍മാതാക്കളുടെയും സംവിധായകരുടെയും അഭിനേതാക്കളുടെയും നിയന്ത്രണത്തിലാണ്. അവരുടെ കീഴിലാണ് എല്ലാ നിയന്ത്രണങ്ങളും. പരാതി കൈകാര്യം ചെയ്യാന്‍ ഐസിസിയില്‍ പ്രവര്‍ത്തിക്കുന്നവരെ അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഐസിസിയുടെ ഭാഗമായവരില്‍ ആരെങ്കിലും അധികാരത്തിലുള്ളവരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവരുടെ ഭാവി നശിപ്പിക്കുകയോ അവരെ സിനിമയില്‍ നിന്ന് തുടച്ചുനീക്കുകയോ ചെയ്യുന്നു. മലയാള സിനിമയില്‍ കണ്ടുകൊണ്ടിരിക്കുന്ന താരങ്ങള്‍ നക്ഷത്ര ശോഭയുള്ള താരങ്ങളല്ല. ഈ താരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ആകാശം സിനിമാ മേഖലയാണെങ്കില്‍ അവിടെ മുഴുവന്‍ ചുഴികളും മലകളുമാണ്. അവിടെ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

സിനിമാ മേഖലയില്‍ നിശബ്ദദയുടെ സംസ്‌കാരം വളര്‍ന്നുവരുന്നു. അനുഭവിക്കുന്നവര്‍ മാത്രമല്ല സാക്ഷിയാകുന്നവരും വിവരം പുറത്ത് പറയാന്‍ മടിക്കുന്നു. ഭയം മൂലം ഒരാളും പറയുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ത്രീകളുടെ പ്രശ്നം പരിഹരിക്കാന്‍ ഒരു കാര്യങ്ങളും ‘അമ്മ’യുടെ പരാതി പരിഹാര സെല്‍ ചെയ്യുന്നില്ല. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മാത്രമല്ല, കഴിവുള്ള നടന്മാരെ ഉള്‍പ്പടെ ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്താക്കിയത് സംബന്ധിച്ചും പരാമര്‍ശം. താരാധിപത്യം അടക്കി ഭരിക്കുന്നു. ഉന്നത താരങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെയെല്ലാം സിനിമയില്‍ നിന്ന് ഒഴിവാക്കും. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കും. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാന്‍ ആവശ്യപ്പെടുന്നതായി ഒന്നിലേറെ താരങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്. വിട്ടുവീഴ്ച ചെയ്യാത്തവര്‍ക്ക് അവസരങ്ങള്‍ നഷ്ടമാകുന്നുവെന്നും സഹകരിക്കുന്നവര്‍ക്ക് പ്രത്യേക കോഡുകള്‍ നല്‍കുന്നുവെന്നും താരങ്ങള്‍ മൊഴി നല്‍കി. ഇതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് മിക്കവരും ഷൂട്ടിങിനെത്തുന്നത്.

സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനല്‍ സംഘമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വള്‍ഗറായിട്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയില്‍ അടക്കം പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തുന്നു. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രൂപം നല്‍കിയിട്ടിള്ള ഇന്റേണല്‍ കമ്മറ്റിക്ക് അപര്യാപ്തതകളുള്ളതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സഹകരിക്കുന്നവരെ ‘കോഓപ്പറേറ്റിങ് ആര്‍ട്ടിസ്റ്റ്’ എന്ന് പേരിട്ടു വിളിക്കുന്നു. സിനിമയില്‍ അവസരത്തിനായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നതായും മറ്റു രീതിയില്‍ ചൂഷണം ചെയ്യുന്നതായും പലരും നേരിട്ടും അല്ലാതെയും കമ്മിഷനെ അറിയിച്ചു. ഷൂട്ടിങ് സ്ഥലത്തു പലപ്പോഴും ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാകാറില്ല. ചോദിച്ചാല്‍ മോശമായി പ്രതികരിക്കുന്നവരുണ്ട്. സിനിമാ മേഖലയില്‍ കാസ്റ്റിങ് കൗച്ച് യാഥാര്‍ഥ്യമാണ്. ഒറ്റയ്ക്ക് ഹോട്ടല്‍മുറിയില്‍ കഴിയാന്‍ സ്ത്രീകള്‍ക്ക് ഭയമാണെന്ന് നടിമാരുടെ മൊഴി. പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷന്‍മാര്‍ നിരന്തരം വാതിലില്‍ ശക്തിയായി ഇടിക്കാറുണ്ട്. വാതില്‍ തകര്‍ത്ത് ഇവര്‍ അകത്തേക്ക് കയറുമെന്ന് ഭയപ്പെടുന്ന അവസരങ്ങളുണ്ടായി. ചൂഷണം ചെയ്യുന്നവരില്‍ പ്രധാനനടന്‍മാരുമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Share this Article

Leave a Comment