അഞ്ച് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നെങ്കിലും അതില്‍ ഉള്‍പെട്ടവരുടെ പേര് കൂടി പുറത്തുവിടണമെന്ന് ആര്‍പിഐ ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ഡോ.രാജീവ്‌മേനോന്‍. ചലച്ചിത്ര രംഗത്തെ ഉന്നതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സര്‍ക്കാര്‍ ഒരു ചെറുവിരല്‍ പോലും അനക്കാതിരിക്കുകയാണ്. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. 233 പേജുള്ള റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് എത്തിയത്. ലൈംഗികാരോപണവും തൊഴില്‍ നിഷേധവും തൊഴില്‍ രംഗത്തെ വിവേചനവുമെല്ലാം റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നുണ്ട്. ആര്‍ക്കെതിരെയാണ് ലൈംഗികരോപണം ഉയര്‍ന്നതെന്നും അവര്‍ എത്ര വലിയ താരങ്ങളായാലും പേരുകള്‍ പുറത്തുവിട്ട് നിയമനടപടി സ്വീകരിക്കണമെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.
സിനിമ വ്യവസായത്തിലെ സ്ത്രീ – പുരുഷ വിഷയം സംബന്ധിച്ച ആരോപണങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ ആരുടേയും പേര് പരാമര്‍ശിക്കപെടാത്തപ്പോള്‍ പൊതുവെ സിനിമ മേഖലയേയും അതില്‍ പലവിധ ജോലികള്‍ ചെയ്യുന്ന എല്ലാ സ്ത്രീകളെയും മോശക്കാരായി ചിത്രീകരിക്കുകയാണ് ഇപ്പോള്‍. സിനിമാമേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമാണ് നടക്കുന്നതെന്നും അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മ്മാതാക്കളും നിര്‍ബന്ധിക്കുമെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സിനിമ മേഖലയിലുള്ളത് വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളെന്നും ഇത് സ്ത്രീകള്‍ക്ക് വലിയ കുഴപ്പങ്ങളുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അത് കൊണ്ട് തന്നെ ജുഡീഷ്യല്‍ കമ്മീഷനില്‍ മൊഴി കൊടുത്തവരുടെ പേരും, അവര്‍ പരാമര്‍ശിച്ച പേരും പുറത്തുവിട്ടു പൊതുവായി ആ മേഖലയില്‍ വര്‍ക്ക് ചെയ്യുന്ന മറ്റു സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കണമെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മൊഴി നല്‍കിയവര്‍ക്ക് അനുകൂലമായ നടപടി ഉണ്ടായില്ല എന്നതില്‍ ചലച്ചിത്രരംഗത്തെ ഉന്നതന്മാരുടെ ഇടപെടലുകളാണെന്നത് വ്യക്തമാണ്. സിനിമ മേഖലയില്‍ നിലനില്‍ക്കുന്ന ദുരവസ്ഥയെ പറ്റി എല്ലാവര്‍ക്കും വര്‍ഷങ്ങളായി അറിയുന്ന പല കാര്യങ്ങളുമാണ് ഇപ്പോഴും പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ആര്‍ക്കെതിരെയാണ് പരാതിയെന്നോ സിനിമലോകം നിയന്ത്രിക്കുന്നവര്‍ ആരൊക്കെയാണെന്നോ കുറ്റകൃത്യം നടത്തുന്നവര്‍ ആരൊന്നോ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ പുറംലോകം അറിയേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും എത്ര വലിയ നടന്മാരാണെങ്കിലും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.