Newsperseconds.com

തൃശ്ശൂരില്‍ ഇത്തവണയും ഓണാഘോഷ പുലിക്കളി നടക്കും; സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം

Untitled 1

തൃശ്ശൂര്‍: എല്ലാ വര്‍ഷവും തൃശ്ശൂരില്‍ നടക്കുന്ന പുലിക്കളി ഇത്തവണയും മാറ്റമില്ലാതെ നടക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി മാറ്റിവെയ്ക്കാന്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മേയറുടെ ചേമ്പറില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ സെപ്റ്റംബര്‍ 18 ന് പുലിക്കളി നടത്തുമെന്ന് തീരുമാനമായി. അന്തിമ തീരുമാനം കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെതായിരിക്കും. ഇതുവരെയുള്ളത് ആറ് പുലിക്കളി സംഘങ്ങളാണ്. പുലിക്കളി ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികള്‍ ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പുലിക്കളി, കുമ്മാട്ടി എന്നീ ആഘോഷങ്ങള്‍ നടത്തേണ്ടതില്ലെന്നായിരുന്നു തൃശൂര്‍ കോര്‍പ്പറേഷന്‍ നേരത്തെ തീരുമാനിച്ചത്. 16,17 തിയതികളിലായി കുമ്മാട്ടിയും 18 ന് ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലികളിയുമാണ് നടക്കേണ്ടിയിരുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ പുലികളിക്കായി ഒമ്പത് ടീമുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പുലിക്കളിക്കായി ഓരോ ടീമും നാല് ലക്ഷം രൂപയിലധികം ഇതിനകം ചെലവഴിച്ചു എന്നാണ് സംഘാടകസമിതി പറയുന്നത്. അതുകൊണ്ട് തന്നെ കോര്‍പ്പറേഷന്‍ അനുമതി നിഷേധിച്ചാലും പുലിക്കളി നടത്താന്‍ സംഘാടക സമിതി തയ്യാറാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചിരുന്നു.

Share this Article

Leave a Comment