കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് മേഖലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് മുപ്പതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. വിലങ്ങാട് ടൗണില്‍ വെള്ളം കയറി. നാല് ആഴ്ച മുന്‍പ് വലിയ രീതിയില്‍ ഉരുള്‍പൊട്ടിയ പ്രദേശമാണ് വിലങ്ങാട്. ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. വയനട് ഉരുള്‍പൊട്ടല്‍ ഉണ്ടായ ഘട്ടത്തില്‍ തന്നെയാണ് വിലങ്ങാടും ദുരന്തം സംഭവിച്ചിരുന്നത്.
നിലവില്‍ മഴയ്ക്ക് അല്‍പം ശമനമുണ്ടായിട്ടുണ്ട്. എന്നാല്‍ അത് ആശ്വാസത്തിന് വകയുണ്ടെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല. അപകടകരമായ നിലയില്‍ തുടരുന്നവര്‍ എത്രയും വേഗം അധികൃതരെ വിവരം അറിയിച്ച് സുരക്ഷിത സ്ഥാനത്തേയ്ക്ക് നീങ്ങേണ്ടതാണ്. നിലവില്‍ ക്യാമ്പിനുള്ള സൗരകര്യം ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിക്കുകയും നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. 14 വീടുകള്‍ പൂര്‍ണമായും ഒഴുകിപ്പോയി. 112 വീടുകള്‍ വാസയോഗ്യമല്ലാതായി. നാല് കടകളും നശിച്ചു. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നതില്‍ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്.