കൊച്ചി: താരസംഘടനയായ അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ഡബ്ല്യൂസിസി. പുനരാലോചിക്കാം, പുനര്‍ നിര്‍മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കാം എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിലുള്ളത്. നീതിയുടേയും ആത്മാഭിമാനത്തിന്റേയും ഭാവി രൂപപ്പെടുത്തുക എന്നത് നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താരങ്ങള്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങള്‍ പുറത്തുവന്നതോടെയാണ് അമ്മ സംഘടനയില്‍ പിളര്‍പ്പുണ്ടായത്. മോഹന്‍ലാല്‍ അടക്കം എല്ലാ ഭാരവാഹികളും രാജിവെച്ചതോടെ എഎംഎംഎ ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളില്‍ എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമര്‍ശനം ഏറ്റെടുത്താണ് ഭരണസമിതി പിരിച്ചുവിട്ടത്. രണ്ടുമാസത്തിനുള്ളില്‍ അടുത്ത ഭരണ സമിതിയെ തെരഞ്ഞെടുക്കുമെന്നും അതുവരെ താല്‍ക്കാലിക സംവിധാനമായി നിലവിലെ ഭരണ സമിതി തുടരുമെന്നുമാണ് മോഹല്‍ലാലിന്റെ രാജിക്കത്തില്‍ പറഞ്ഞിരിക്കുന്നത്.
അതേ സമയം, കൂട്ടരാജിയില്‍ പ്രതികരിച്ച് സംവിധായിക വിധുവിന്‍സെന്റുമെത്തി. ഉടയാനുള്ളതൊക്കെ ഉടഞ്ഞു തന്നെ പോകട്ടെ എന്നായിരുന്നു വിധുവിന്റെ പ്രതികരണം. സിനിമ മേഖലയിലെ ലൈംഗിക ചൂഷണമടക്കമുള്ള വിഷയങ്ങള്‍ പൊതുചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ വഴിയൊരുക്കിയ ഡബ്ല്യൂസിസിയെ വിധു വിന്‍സെന്റ് അഭിനന്ദിക്കുകയും ചെയ്തു.