കേരളത്തില്‍ നിലനിന്നിരുന്ന ജാതീയമായ അസമത്വങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിച്ച് ദളിത് വിഭാഗങ്ങളുടെ വിമോചനത്തിനായി പോരാടിയ കേരള നവോത്ഥാന നായകരില്‍ പ്രമുഖനായ അയ്യങ്കാളിയുടെ ജന്മവാര്‍ഷികമാണിന്ന്. മഹാത്മാ അയ്യങ്കാളിയുടെ സ്മരണകള്‍ നമുക്ക് ഊര്‍ജ്ജം പകരുന്ന ഈ ദിനത്തില്‍ എല്ലാവര്‍ക്കും അയ്യങ്കാളി ജയന്തി ആശംസകള്‍ നേര്‍ന്ന് ആര്‍പിഐ ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ഡോ.രാജീവ്‌മേനോന്‍. ജാതിമേല്‍കോയ്മക്കെതിരെ തന്റെ ജീവിതം കൊണ്ട് പട നയിച്ച മഹാത്മാ അയ്യങ്കാളി ജാതീയമായ ഉച്ചനീചത്വങ്ങളെ ചോദ്യംചെയ്ത മഹത് വ്യക്തിയാണ്.സഞ്ചാര സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവസരവും മാന്യമായ കൂലിയും നിഷേധിക്കപ്പെട്ട തിരുവിതാംകൂറിലെ അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്ക് ജാതി-ജന്മി-നാടുവാഴി വ്യവസ്ഥയ്‌ക്കെതിരെ പോരാടാന്‍ ഊര്‍ജ്ജം നല്‍കിയത് അയ്യങ്കാളിയാണെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.
സമൂഹത്തില്‍ നിന്നു ബഹിഷ്‌കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യന്‍കാളി പോരാടിയത്. ഉപജാതികള്‍ക്കു അതീതമായി ചിന്തിക്കുകയും, സമൂഹത്തിലെ ക്രൂരമായ അനാചാരങ്ങളെ എതിര്‍ക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങള്‍. സ്വന്തം സമുദായമായ പുലയര്‍തൊട്ട് ദളിത് വിഭാഗങ്ങള്‍ക്കു മുഴുവന്‍ ബാധകമായിരുന്ന അവകാശവിവേചനങ്ങള്‍ അദ്ദേഹത്തെ ക്ഷുഭിതനാക്കി. സവര്‍ണ്ണരോടൊപ്പം വഴിനടക്കാനോ, വിദ്യ നേടാനോ, ആരാധനകള്‍ക്കോ പോലും അവകാശമില്ലാതിരുന്ന സമൂഹത്തെ സംഘടിപ്പിച്ചും ഈ അനീതികള്‍ക്കെതിരേ സമരം ചെയ്തും നേടിയെടുത്ത അവകാശങ്ങളാണ് ദളിത് സമൂഹത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തിയതെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.
സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനെതിരെ അയ്യന്‍കാളി നടത്തിയ വില്ലുവണ്ടിയാത്ര കേരളത്തിന്റെ പില്‍ക്കാല സാമൂഹ്യ ജീവിതത്തില്‍ ഏറെ അനുരണം സൃഷ്ടിച്ചു. ദളിത് കുട്ടികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതിനെതിരെയും കര്‍ഷകത്തൊഴിലാളികളുടെ വേതനവര്‍ധനവിനു വേണ്ടിയും അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകത്തൊഴിലാളി പണിമുടക്ക് കേരള ചരിത്രത്തിലെ പ്രധാനപ്പെട്ട തൊഴില്‍സമരം കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടല്‍ കേരള സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചു. കേരള സ്പാര്‍ട്ടക്കസ് എന്ന് മഹാത്മാ അയ്യങ്കാളിയെ വിശേഷിപ്പിക്കാം. മഹാരാജാക്കന്മാരുടെ, ചോരപ്പുഴയൊഴുക്കിയ അശ്വമേധങ്ങളല്ല, മുമ്പ് ജാതിമേല്‍കോയ്മയുടെയും ഇപ്പോള്‍ നവ ഫാസിസ്റ്റുകളുടെയും നേതൃത്വത്തില്‍ സംഘര്‍ഷം മാത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ജൈത്രയാത്രകളല്ല അലങ്കരിച്ചൊരുക്കിയ രണ്ട് കാളകള്‍ വലിച്ച കാളവണ്ടിയാണ് കേരളത്തിന്റെ കുതിപ്പിന് വഴിവെട്ടിയത്. ആധുനിക കേരളത്തിന് അടിത്തറ പാകപ്പെട്ടത് അയ്യങ്കാളി ഉള്‍പ്പെടെ നടത്തിയ സംഘടിത പോരാട്ടങ്ങളുടെ ഫലമായാണ്. എങ്കിലും കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ അദ്ദഹത്തിന്റെ പേരില്ലെങ്കില്‍ അത് പൂര്‍ണ്ണമാകില്ലെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.