തിരുവനന്തപുരം: നടന് സിദ്ധിഖിനെതിരെയുള്ള ലൈംഗികാരോപണ കേസില്‍ യുവനടി നല്കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. മസ്കറ്റ് ഹോട്ടലിലെ റിസപ്ഷനില്‍ തന്റെ പേരുണ്ടെന്നും ഒപ്പു വെച്ച ശേഷമാണ് സിദ്ദിഖിന്റെ മുറിയിലേക്ക് പോയതെന്നും നടി വെളിപ്പെടുത്തി. സിനിമയെക്കുറിച്ച് ചര്‍ച്ചചെയ്യാനെന്ന് പറഞ്ഞാണ് തന്നെ ഹോട്ടലിലേക്ക് വിളിപ്പിച്ചത്.
2016ല്‍ സിദ്ദിഖിന്റെ സിനിമയുടെ പ്രിവ്യൂ നിള തിയേറ്ററില്‍ നടന്നിരുന്നു. ആ സമയത്താണ് പുതിയ സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഹോട്ടലിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടത്. റിസപ്ഷനില്‍ ആരെ കാണുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ എഴുതി ഒപ്പുവെച്ച ശേഷമാണ് മുറിയിലേക്ക് പോയത്. ഹോട്ടലിലെ ഒന്നാം നിലയിലായിരുന്നു സിദ്ദിഖിന്റെ മുറി. ആ മുറിയില്‍ വെച്ചാണ് ക്രൂരമായ പീഡനത്തിന് ഇരയായതെന്ന് നടി മൊഴി നല്‍കിയിട്ടുണ്ട്.
നിള തിയേറ്ററില്‍ നടന്ന പ്രിവ്യൂ ഷോയില്‍ അച്ഛനും അമ്മയ്ക്കും ഒപ്പം വന്ന പെണ്‍കുട്ടിയെ കണ്ടിരുന്നതായി സിദ്ദിഖ് നല്കിയ പരാതിയിലും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ നടിയുടെ മാതാപിതാക്കളുടെ മൊഴി പ്രത്യേക അന്വേഷണ സംഘം എടുക്കും. കേസില്‍ നടിയുടെ രഹസ്യമൊഴി വനിതാ മജിസ്ട്രേറ്റ് രേഖപ്പെടുത്തും. മസ്കറ്റ് ഹോട്ടലിലെ സംഭവം നടന്ന സമയത്തെ റിസപ്ഷനിലെ രജിസ്റ്റര്‍ ഹോട്ടല്‍ അധികൃതരോട് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.