തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി.ശശിയെ നീക്കാന്‍ സിപിഎമ്മിനുള്ളില്‍ സമ്മര്‍ദ്ദം ശക്തം. പിവി അന്‍വറിന്റെ പരാതിയില്‍ അന്വേഷണമുണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. പി.ശശിക്കെതിരായ ആരോപണം മുഖ്യമന്ത്രിയെ നേരിട്ട് ബാധിക്കുന്നതിനാല്‍ ശശിയെ മുഖ്യമന്ത്രി കൈവിടുമോ എന്നതാണ് ഇനി അറിയേണ്ടത്. മുഖ്യമന്ത്രി കൈവിട്ടാല്‍ ശശിയുടെ സ്ഥാനത്തേക്ക് എം.വി നികേഷ്‌കുമാര്‍ എത്തുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നികേഷിനെ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത്. അതേ സമയം, നികേഷിനെ കൊണ്ടുവരുന്നതിന് പിന്നില്‍ എം.വി ഗോവിന്ദന്‍ അടക്കമുള്ള സിപിഎമ്മിലെ ഉന്നത നേതാക്കളാണെന്നും സൂചനയുണ്ട്. ഇതിനെ മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണക്കുമെന്നാണ് അറിയുന്നത്. പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലിനെതുടര്‍ന്ന് കലുഷിതമായ സംസ്ഥാന രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രിയുടെ ആരോപണ വിധേയനായ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുടെ സ്ഥാനം നികേഷിലേക്കെത്തുമോ എന്നതാണ് പാര്‍ട്ടി ഉറ്റുനോക്കുന്നത്.
എഡിജിപി എംആര്‍ അജിത്ത്കുമാറിന്റെ തെറ്റായ നീക്കങ്ങളെ പറ്റി പി. ശശിയെ അറിയിച്ചിട്ടും അത് ഗൗനിച്ചില്ല എന്ന ആരോപണങ്ങള്‍ പരക്കെ ഉയരുന്നുണ്ട്. സ്വര്‍ണക്കടത്ത് സംഘത്തിന് സഹായം ചെയ്യുന്ന അജിത് കുമാറിന് പി. ശശി സഹായങ്ങള്‍ ചെയ്തുവെന്നും ആരോപണമുണ്ട്. പോലീസിനെ നിയന്ത്രിക്കുന്ന പൊളിറ്റിക്കല്‍ സെക്രട്ടറിയെന്ന പദവിയില്‍ ശശി ഇരിക്കുന്നത് അന്വേഷണത്തിനെതിരെ പ്രതിപക്ഷ വിമര്‍ശനത്തിന് കാരണമാകുമെന്നതില്‍ സംശയമില്ല. അതുകൊണ്ട് ശശിയേയും മാറ്റിയുള്ള അന്വേഷണം അനിവാര്യമാണെന്ന നിലപാടിലാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വര്‍ നേരത്തേ പോലീസിനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കുമെന്നായിരുന്നു ശനിയാഴ്ചത്തെ പത്രസമ്മേളനത്തില്‍ എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയത്. സി.പി.എം. സമ്മേളനങ്ങള്‍ക്കു തുടക്കമിട്ട ഞായറാഴ്ച തന്നെയാണ് അന്‍വറിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ മുതിര്‍ന്ന പാര്‍ട്ടിനേതാക്കളുടെ പിന്‍ബലമില്ലാതെ അന്‍വര്‍ ഇങ്ങനെയൊന്നും പറയില്ലെന്ന് സി.പി.എം. വൃത്തങ്ങള്‍ പോലും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ സാന്ദര്‍ഭികമായ തുറന്നുപറച്ചിലുകള്‍ പാര്‍ട്ടിയിലെ അധികാരഘടന പൊളിച്ചെഴുതാനുള്ള നീക്കമാണോയെന്നാണ് അഭ്യൂഹം.