കോഴിക്കോട്: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷങ്ങള്‍ മാറ്റി വെച്ചിട്ടുണ്ടെങ്കിലും മലയാളി ആഘോഷങ്ങളും ആര്‍ഭാടങ്ങളും കുറച്ചുള്ള ഓണത്തിനായുള്ള തിരക്കിലാണ്. ഉത്രാടാപ്പാച്ചിലില് കണ്ണും നട്ട് വ്യാപാരികളും തെരുവോരങ്ങളില്‍ സജ്ജീവമായിരിക്കുകയാണ്. ഓണത്തിരക്കില്‍ നാടും നഗരവും സന്തോഷത്തിലാണ്. ഉത്രാടപ്പാച്ചിലില്‍ വസ്ത്രവ്യാപാരികളും ഏറെ പ്രതീക്ഷയിലാണ്.
വസ്ത്ര, ഗൃഹോപകരണ വ്യാപാരസ്ഥാപനങ്ങളില്‍ വന്ഓഫറുകളും സമ്മാനങ്ങളും നല്‍കിയാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. കോഴിക്കോട്, മിഠായിത്തെരുവ്, മാനാഞ്ചിറ ഭാഗങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഹോട്ടലുകളും കൂള്ബാറുകളുമെല്ലാം തിങ്ങിനിറയുകയാണ്. വെയില് ആയത് കൊണ്ട് തന്നെ വ്യാപാരികള്‍ കച്ചവടം പൊടിപൊടിക്കുകയാണ്.
തിരക്ക് വര്‍ധിച്ചതോടെ റോഡുകളിലെല്ലാം അനധികൃത പാര്‍ക്കിങ് വലിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. നൂറുകണക്കിന് വാഹനങ്ങളാണ് ഷോപ്പുകളിലേക്കും മാളുകളിലേക്കുമായി എത്തുന്നത്. പൂക്കച്ചവടവും തകൃതിയായി നടക്കുന്നുണ്ട്. എങ്കിലും ഇത്തവണ പൂ വാങ്ങിക്കുന്നത് വളരെകുറവാണെന്നാണ് വ്യാപാരികളുടെ അഭിപ്രായം. കേരളീയ വസ്ത്രങ്ങളും ആഹ്ലാദാരവങ്ങളുമായി സ്ഥാപനങ്ങളിലെ ഓണാഘോഷവും പൊടിപൊടിച്ചു. സ്കൂളുകളും കോളജുകളും സൗഹൃദക്കൂട്ടായ്മകളുടേയുമെല്ലാം ആഘോഷങ്ങള്‍ കഴിഞ്ഞു.
മറ്റെല്ലാ പരിപാടികളും മാറ്റി വച്ച് ഓണക്കോടി വാങ്ങാനും ഓണസദ്യയ്ക്കുള്ള വിഭവങ്ങളൊരുക്കാനുമുളള പാച്ചിലിലാണ് ജനങ്ങള്‍. ഓണത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോള്‍ അവധി ദിവസത്തിന്റെ ആലസ്യത്തിലേക്ക് വീഴാതെ ആളുകള്‍ ഇന്നും വിപണിയില്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ഉത്രാടദിനക്കച്ചവടത്തില് പ്രതീക്ഷകള്‍ കൂടുകയാണ്. പച്ചക്കറികടകളില്‍ അനിയന്ത്രിത തിരക്കാണ് അനുഭവപ്പെടുന്നത്. ഓണവിപണി ലക്ഷ്യമിട്ട് കൊണ്ടുള്ള ഗൃഹോപകരണങ്ങള്‍ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച വ്യാപാര സ്ഥാപനങ്ങളുണ്ട്. ഓണച്ചന്തകളും മുക്കിലും മൂലയിലുമായി കച്ചവടം തകര്‍ക്കുന്നുണ്ട്. മലയാളിക്ക് ഓണം എന്നും വികാരമാണ്. ചെറുതായാലും വലുതായാലും സന്തോഷത്തോടെ കുടുംബവുമൊത്ത് പൂക്കളം തീര്‍ത്ത് നല്ലൊരു സദ്യ ഒരുക്കുന്നതാണ് മലയാളിക്ക് എന്നും പ്രിയം.