ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ പൊന്നോണ ദിനത്തില്‍ എല്ലാ മലയാളികള്‍ക്കും തിരുവോണാശംസകള്‍ നേര്‍ന്ന് ആര്‍പിഐ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍. ഒരു വസന്തകാലത്തിന്റെ ഓര്‍മകളുമായി പൂവിളികളും ആഘോഷങ്ങളുമായി ഈ പൊന്നിന് ചിങ്ങമാസത്തില്‍ സമ്പല്‍സമൃദ്ധിയുടെ നിറവില്‍ മറ്റൊരു പോന്നോണക്കാലം കൂടി വന്നെത്തി. ഗൃഹാതുരത്വത്തിന്റെ മധുരസ്മൃതികള്‍ക്കിപ്പുറത്ത് ഒത്തൊരുമയുടേയും സന്തോഷത്തിന്റെയും മറ്റൊരു ഓണക്കാലത്ത് എല്ലാവര്ക്കും പൊന്നോണാശംസകള്‍ നേരുന്നുവെന്ന് ഡോ.രാജീവ്മേനോന്‍ പറഞ്ഞു. കാട്ടിലും മേട്ടിലും തുമ്പയും മുക്കുറ്റിയും തുടങ്ങി പൂക്കളെല്ലാം മിഴിതുറന്നു നില്ക്കുന്ന ഓണക്കാലത്ത് കേരളം ഒരിക്കല്‍ക്കൂടി മാവേലിമന്നന്റെ തലോടലിനായി കാത്തുനില്‍ക്കുകയാണ്. അതിജീവനത്തിന്റെ പൊന്നോണദിനത്തില് എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ഡോ.രാജീവ്മേനോന്‍ പറഞ്ഞു.

കേരള സംസ്ക്കാരത്തിന്റേയും പ്രകൃതിസൗന്ദര്യത്തിന്റെയും കാര്ഷികോല്ത്സവത്തിന്റെയും തനിമയും പാരമ്പര്യവും വിളിച്ചോതുന്നതാണ് ഓണം. പൂക്കളുടെ വര്‍ണങ്ങളും ഗൃഹാതുരത്വത്തിന്റെ ഗതകാലസ്മരണകളും അലയടിച്ചുകൊണ്ടിരിക്കുന്ന പൊന്നോണദിനത്തില് ഉള്ളത് കൊണ്ട് ഓണം കെങ്കേമമാക്കാനാണ് മലയാളി ഓടുന്നത്. പ്രിയപ്പെട്ടവരോടൊപ്പം ഓണപ്പൂക്കളവും സദ്യയുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പൊന്നോണം കൂടുകയാണ്. കേരളത്തിന്റെ മഹത്തായ സംസ്ക്കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുകയാണ്. മണ്ണിനേയും പ്രകൃതിയെയും ആചാരങ്ങളെയും സംസ്ക്കാരത്തെയും കാത്തുസൂക്ഷിക്കാനും പരിപാലിക്കാനും നമ്മുടെ പുതുതലമുറകള്‍ക്ക് കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാ മലയാളികള്‍ക്കും ഹൃദയംഗമമായ ഓണാശംസകള്‍ നേരുന്നുവെന്നും ഡോ.രാജീവ്മേനോന്‍ പറഞ്ഞു.