കൊച്ചി: സിനിമാ മേഖലയിലെ പുതിയ സംഘടനയില്‍ താനില്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സമാന്തര സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനില്‍ താന്‍ ഭാഗമല്ലെന്നും വാര്‍ത്തകള്‍ വ്യാജമാണെന്നും ലിജോ ജോസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണമറിയിച്ചത്. എന്നാല്‍ സംഘടനയെ സ്വാഗതം ചെയ്യുന്നു. സംഘടനയുടെ ഭാഗമാകുമ്പോള്‍ അറിയിക്കുമെന്നും ലിജോ വ്യക്തമാക്കി.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയില്‍ ഞാന്‍ നിലവില്‍ ഭാഗമല്ല. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരില്‍ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല എന്നായിരുന്നു ലിജോയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനില്‍ ഇല്ലെന്ന് ബിനീഷ് ചന്ദ്രയും അറിയിച്ചു. ലിജോ ജോസ് പല്ലിശ്ശേരിക്ക് പിന്നാലെയാണ് ബിനീഷ് ചന്ദ്രയുടെയും പ്രതികരണം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ ഇക്കാര്യം അറിയിച്ചെന്നും ബിനീഷ് ചന്ദ്ര അറിയിച്ചു. ഇതോടെ പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ രൂപീകരണം പ്രതിസന്ധിയിലാണെന്നാണ് സൂചന.