Newsperseconds.com

അമിത ജോലി ഭാരം മൂലം യുവതി മരിച്ച സംഭവം; ബഹുരാഷ്ട്ര കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യങിനെതിരെ ആരോപണവുമായി പിതാവ്; കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

Untitled 1

കൊച്ചി: അമിത ജോലി ഭാരം മൂലം യുവതി മരിച്ച സംഭവത്തില്‍ ബഹുരാഷ്ട്ര കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യങിനെതിരെ ആരോപണവുമായി പിതാവ്. കമ്പനിയില്‍ ചേര്‍ന്ന് നാല് മാസത്തിനുള്ളില്‍ തന്റെ മകള്‍ അമിത ജോലി ഭാരം മൂലം മരിച്ചെന്നും അവളുടെ സംസ്‌കാര ചടങ്ങില്‍ പോലും കമ്പനിയില്‍ നിന്ന് ആരും പങ്കെടുത്തില്ലെന്ന് ആരോപിച്ച് അന്ന സെബാസ്റ്റ്യന്റെ അമ്മയെഴുതിയ തുറന്ന കത്ത് വൈറലായിരുന്നു. ജോലിക്ക് മേല്‍ അമിത ജോലി നല്‍കുന്ന രീതിയായിരുന്നു കമ്പനിയുടേതെന്ന് മരിച്ച അന്നയുടെ പിതാവ് സിബി ജോസഫ് പറഞ്ഞു. ഓഫീസിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലും അമിത വര്‍ക്ക് കൊടുക്കുമായിരുന്നു. കുറച്ചു നാളുകളായി മകള്‍ ഭക്ഷണവും ഉറക്കവുമില്ലാതെ അസ്വസ്ഥയായിരുന്നുവെന്നും പിതാവ് പറഞ്ഞു. അന്നയുടെ മരണത്തിന് ശേഷവും കമ്പനിയുടെ ഭാഗത്ത് നിന്ന് കടുത്ത അവഗണനയാണ് നേരിട്ടത്.

ബഹുരാഷ്ട്ര കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യങിനെതിരെ അന്നയുടെ പിതാവ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സിഎ പരീക്ഷ പാസായ ശേഷം അന്ന ആദ്യമായി ജോലിക്ക് കയറിയത് ഇവൈ കമ്പനിയിലാണ്. മാര്‍ച്ച് പതിനെട്ടിന് അവള്‍ ജോലിക്ക് പ്രവേശിച്ചു. ടാക്സ് ഓഡിറ്റ് വിഭാഗത്തിലായിരുന്നു അന്നയ്ക്ക് ജോലി. ബജാജ് ഓട്ടോയുടെ അടക്കം ഓഡിറ്റിംഗ് ചെയ്തിരുന്നത് അന്നയായിരുന്നു. ഇത്തരത്തിലുള്ള കമ്പനികള്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ അന്നയ്ക്ക് അമിത ജോലി ഭാരം ഉണ്ടായിരുന്നു. ജോലി കഴിഞ്ഞ് അന്ന വീട്ടിലെത്തുമ്പോഴേക്കും രാത്രി രണ്ട് മണി എങ്കിലും ആവും. വീട്ടിലെത്തിയാലും വര്‍ക്ക് നല്‍കും. പല ദിവസങ്ങളിലും അന്ന ഉറങ്ങാറുണ്ടായിരുന്നല്ല. അവള്‍ താമസിക്കുന്ന പിജിയില്‍ പത്ത് മണി വരെ ഭക്ഷണം ലഭിക്കുകയുള്ളു. താമസിച്ചു വരുന്നതുകൊണ്ട് അന്ന പലപ്പോഴും ഭക്ഷണം കഴിക്കുമായിരുന്നില്ല. ഉറക്കവും കൃത്യസമയത്ത് ഭക്ഷണവും ഇല്ലാതെ വന്നതോടെ അന്നയ്ക്ക് ഇടയ്ക്കിടയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു തുടങ്ങിയെന്നും പിതാവ് പറഞ്ഞു.

ഇക്കഴിഞ്ഞ ജൂലൈ ഇരുപതിനാണ് അന്ന താമസിക്കുന്ന സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. അമ്മ അനിത സെബാസ്റ്റ്യന്‍ മകള്‍ നേരിട്ട പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് കത്തയച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Share this Article

Leave a Comment