Newsperseconds.com

സീതാറാം യെച്ചൂരിക്ക് പകരക്കാരനായി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയനെന്ന് സൂചന; മുഖ്യമന്ത്രിയായി കെ.കെ ശൈലജയെ പരിഗണിക്കും; കേരളഭരണത്തില്‍ സമൂലമായ അഴിച്ചുപണിക്ക് സാധ്യത

Untitled 1

ഡല്‍ഹി: സീതാറാം യെച്ചൂരിക്ക് പകരക്കാരനായി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുമെന്ന് സൂചന. ഈ മാസം 27 മുതല്‍ ആരംഭിക്കുന്ന പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളില്‍ യെച്ചൂരിക്ക് പകരം ആര് പാര്‍ട്ടിയെ നയിക്കണമെന്ന കാര്യത്തില്‍ സി.പി.എം തീരുമാനമെടുക്കും. മുഖ്യമന്ത്രി പിണറായിവിജയന്‍, എംഎ ബേബി, എ വിജയരാഘവന്‍ എന്നിവരാണ് കേരള സിപിഎമ്മില്‍ നിന്നുയരുന്ന പേരുകള്‍. പോളിറ്റ് ബ്യൂറോയില്‍ അംഗമായ ഒരാളെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നതാണ് സിപിഎമ്മിന്റെ രാഷ്ട്രീയ പാരമ്പര്യം. സീതാറാം യെച്ചൂരിക്ക് പകരക്കാരനായി പിണറായി വിജയന്‍ എത്തുകയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.കെ ശൈലജയെ നിയമിക്കുമെന്നുമാണ് സൂചന. ഇതോടെ കേരളഭരണത്തില്‍ സമൂലമായ അഴിച്ചുപണിക്ക് വഴിയൊരുക്കുകയാണ്. സിപിഎമ്മിന് ഇപ്പോള്‍ അടിത്തറയുള്ള ഏക സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ നിന്നൊരാള്‍ ജനറല്‍ സെക്രട്ടറിയാവാനാണ് സാധ്യതയുള്ളത്. എന്നാല്‍ ഇംഗ്ലീഷും മലയാളവും ഹിന്ദിയും ഒരേ പോലെ കൈകാര്യം ചെയ്യുവരെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വേണ്ടത്. അത് കൊണ്ട് തന്നെ എംഎ ബേബിക്ക് അനുകൂലമായ സാധ്യതയും കാണുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയപരമായി എംഎ ബേബി അത്രയേറെ അടുപ്പത്തില്‍ അല്ലാത്തതിനാല്‍ പാര്‍ട്ടിയില്‍ നിന്ന് എത്രത്തോളം പിന്തുണ ലഭിക്കുമെന്നത് വ്യക്തമല്ല.

അതേ സമയം, പദവിയിലിരിക്കെ ജനറല്‍ സെക്രട്ടറി മരിച്ച ചരിത്രം സി.പി.എമ്മില്‍ ഇല്ല. അതുകൊണ്ടുതന്നെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ അനുഭവമാണ്. ഈ സാഹചര്യത്തില്‍ പകരം ജനറല്‍ സെക്രട്ടറി വേണോ, അതോ ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് വരെ പൊളിറ്റ് ബ്യൂറോ കൂട്ടായി ചുമതലകള്‍ നിര്‍വ്വഹിച്ചാല്‍ മതിയോ എന്ന കാര്യത്തിലാണ് ആദ്യം തീരുമാനം ഉണ്ടാവേണ്ടത്. അക്കാര്യം 27ന് ചേരുന്ന പൊളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യും. യെച്ചൂരി രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് മുതല്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ കൂട്ടായാണ് ജനറല്‍ സെക്രട്ടറിയുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിച്ച് പോരുന്നത്. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തെ രാഷ്ട്രീയ-സംഘടനാ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തുകൊണ്ട് റിപോര്‍ട്ട് അവതരിപ്പിക്കേണ്ടത് ജനറല്‍ സെക്രട്ടറിയുടെ ചുമതലയാണ്. ഇതിനൊപ്പം അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് വരെയുളള രാഷ്ട്രീയ അടവ് നയം രൂപീകരിക്കുന്നതിനായി കരട് രാഷ്ട്രീയ പ്രമേയവും തയാറാക്കി ആദ്യം കേന്ദ്ര കമ്മിറ്റിയിലും പിന്നീട് പാര്‍ട്ടി കോണ്‍ഗ്രസിലും അവതരിപ്പിക്കേണ്ടതുണ്ട്. ഇതിലും ജനറല്‍ സെക്രട്ടറിക്ക് നിര്‍ണായക റോളുണ്ട്. അതിനാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് വരെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതാകും ഉചിതമെന്നാണ് പൊളിറ്റ് ബ്യൂറോ അംഗങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.

Share this Article

Leave a Comment