തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ ചെലവുകളുടെ പേരില്‍ നടന്ന വിവാദത്തില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ നടന്നത് ഒരു സാധാരണ മാധ്യമപ്രവര്‍ത്തനമല്ലെന്നും നശീകരണ മാധ്യമപ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം തകര്‍ക്കലിനോടൊപ്പം സമൂഹത്തിന് എതിരായ കുറ്റകൃത്യമാണ് നടന്നത് എന്ന തിരിച്ചറിവ് വേണം. എല്ലാ മാധ്യമങ്ങളേയും കുറ്റപ്പെടുത്തുന്നില്ല. ചിലര്‍ തെറ്റ് തിരുത്താന്‍ തയ്യാറായി. ബന്ധപ്പെട്ട മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റ് കണക്കുകള്‍ ചെലവഴിച്ച കണക്കായി കാണിച്ചാണ് വ്യാജ വാര്‍ത്ത നല്‍കിയത്. ദുരന്തനിവാരണ സംവിധാനങ്ങളുടെയും ദുരിതാശ്വാസനിധികളുടെയും വിശ്വാസ്യത തകര്‍ക്കാനുള്ള വ്യാജ പ്രചാരണങ്ങള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചതെന്ന് ഓര്‍ക്കണം. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ത്വരയില്‍ ദുരന്തത്തിന് ഇരയായ മനുഷ്യരെയാണ് ദ്രോഹിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്ക് നല്‍കിയ സഹായധനത്തിന്റെ കണക്കുകള്‍ മുഖ്യമന്ത്രി എണ്ണിയെണ്ണി പറഞ്ഞു.
വയനാട് ദുരന്തത്തില്‍ മരിച്ച 131 പേരുടെ കുടുംബങ്ങള്‍ക്ക് ആറുലക്ഷം രൂപ വീതം നല്‍കി. മരിച്ച 171 പേരുടെ സംസ്‌കാര ചടങ്ങിന് 10000 രൂപ വീതം നല്‍കി. 1013 ദുരന്തബാധിത കുടുംബങ്ങള്‍ക്ക് 10000 രൂപ വീതവും നല്‍കി. എന്നാല്‍ ദുരിത ബാധിതര്‍ക്ക് നല്‍കിയതിനേക്കാള്‍ കൂടുതല്‍ തുക വൊളന്റിയര്‍മാര്‍ക്ക് നല്‍കി എന്ന തരത്തിലാണ് വ്യാജ വാര്‍ത്ത നല്‍കിയത്. കേന്ദ്രത്തിന് നല്‍കിയത് അവിശ്വസനീയമായ കണക്കുകള്‍ എന്നിങ്ങനെ ഒറ്റദിവസം കൊണ്ട് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ലോകം മുഴുവന്‍ സഞ്ചരിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കള്ളക്കണക്ക് നല്‍കിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. സോഷ്യല്‍മീഡിയയിലും വ്യാപക ആക്ഷേപം ഉണ്ടായി.